ന്യൂഡൽഹി: മന്ത്രിമാർ 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടിവന്നാൽ സ്ഥാനം നഷ്ടമാകുമെന്ന വ്യവസ്ഥ ഉൾപ്പെട്ട വിവാദ ബില്ലിൽ പ്രതിപക്ഷ നിസ്സഹകരണത്തെ തുടർന്ന് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപവത്കരണം നീളുന്നു. കഴിഞ്ഞ മൺസൂൺ പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച് ജെ.പി.സിക്ക് വിട്ട ബില്ലിലാണ് ജെ.പി.സി രൂപവത്കരണം വൈകുന്നത്. ലോക്സഭയിലെ 21, രാജ്യസഭയിലെ പത്തു വീതം അംഗങ്ങൾ ഉൾപ്പെടുന്ന സമിതി ബില്ലുകൾ പരിശോധിക്കുമെന്നും നവംബർ മൂന്നാം വാരം ആരംഭിക്കുന്ന അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ചയുടെ അവസാന ദിവസം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നുമായിരുന്നു വ്യവസ്ഥ.
എന്നാൽ, വിവാദ ബിൽ പരിശോധിക്കുന്ന ജെ.പി.സിയിലേക്ക് അംഗങ്ങളുടെ പേരുകൾ നാമനിർദേശം ചെയ്യേണ്ടതില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, ശിവസേന- യു.ബി.ടി തുടങ്ങിയവർ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നാമനിർദേശം ചെയ്യുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിച്ചെങ്കിലും പ്രതിപക്ഷ ഐക്യം നിലനിർത്താൻ സമിതിയെ ബഹിഷ്കരിക്കുമെന്ന സൂചനകൾ നേതാക്കൾ നൽകിയിരുന്നു.
കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ തുടർച്ചയായ 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടിവന്നാൽ സ്ഥാനം നഷ്ടമാകുന്നതിന് ഭരണഘടനയുടെ 130ാം ഭേദഗതി ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ, ജമ്മു -കശ്മീർ പുനഃസംഘടനാ ബിൽ എന്നിവയാണ് മൺസൂൺ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച് ജെ.പി.സിക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.