ശ്രീനഗര്‍: നൗഗാം പൊലീസ് സ്റ്റേഷനില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ സ്‌ഫോടനം 'യാദൃച്ഛികം' ആണെന്നും സംഭവത്തിന് കാരണം അട്ടിമറിയല്ലെന്നും ജമ്മു കശ്മീര്‍ പൊലീസ്. ഡല്‍ഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് നൗഗാം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. കൂടുതല്‍ പരിശോധനക്കായി സാമ്പിള്‍ എടുക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി നളിന്‍ പ്രഭാത് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.20 ഓടേയാണ് സ്ഫോടനം ഉണ്ടായത്. ഇതേക്കുറിച്ച് മറ്റേതെങ്കിലും ഊഹാപോഹങ്ങള്‍ അനാവശ്യമാണ്. പൊട്ടിത്തെറി അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അട്ടിമറിയല്ലെന്നും നളിന്‍ പ്രഭാത് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി, ഫരീദാബാദിൽ നിന്ന് കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ കൂടുതല്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനക്കായി അയക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘം കഴിഞ്ഞ രണ്ട് ദിവസമായി സാമ്പിളുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അതീവ ജാഗ്രതയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. അതിനിടെയാണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍, സംസ്ഥാന അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍, രണ്ട് ക്രൈം ഫോട്ടോഗ്രാഫര്‍മാര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ മരിച്ചവരിൽ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ 27 പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, മൂന്ന് സാധാരണക്കാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള വീടുകളേയും കെട്ടിടങ്ങളെയും ബാധിച്ചിട്ടുണ്ട്. സ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കണ്ടെത്തിവരികയാണ്. സംഭവത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഭാത് കൂട്ടിച്ചേര്‍ത്തു.
ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഫൊറൻസിക് സംഘത്തിലെ അംഗങ്ങളും പൊലീസുകാരുമടക്കം 30ലധികം പേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 11.20ഓടെയായിരുന്നു സംഭവം. പരിശോധനക്കായി സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ശ്രീനഗറിലേക്ക് കൊണ്ടുപോയ സ്‌ഫോടക വസ്തുക്കളിൽ ഒരു ഭാഗം പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നെങ്കിലും 360 കിലോ പരിശോധനക്കായി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച് വ്യക്തമല്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസും സൈന്യവും വിശദീകരിച്ചു. ശ്രീനഗറിലെ പ്രധാന പൊലീസ് സ്റ്റേഷനായതിനാൽ ഏത് സമയവും നിരവധി പൊലീസുകാരുണ്ടാകുന്ന സ്റ്റേഷനാണിത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.