'മനുസ്മൃതി ഇറാനി'യെ പാഠം പഠിപ്പിക്കാന്‍ രാധിക വെമുല പാര്‍ലമെന്‍റിലെത്തണം -ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: 'മനുസ്മൃതി ഇറാനിയെ' പാഠം പഠിപ്പിക്കാന്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് പാര്‍ലമെന്‍റിൽ എത്തിക്കണമെന്ന് ദലിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മേവാനി ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്. രോഹിത് വെമുലയുടെ രണ്ടാം ചരമവാർഷിക ദിനമായ ബുധനാഴ്ച രാധിക വെമുലയെ ജിഗ്നേഷ് മേവാനി സന്ദർശിച്ചിരുന്നു. 

ബുധനാഴ്ച ഹൈദരാബാദ് സര്‍വകലാശാലയിൽ നടന്ന പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രാധിക വെമുല രൂക്ഷ വിമർശനം നടത്തിയിരുന്നു. 'ഞാന്‍ നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ വകുപ്പ് മാറിയിട്ടുണ്ടാകും എന്നാലും മറക്കില്ല. നിങ്ങളെ ചോദ്യം ചെയ്യാനും വേട്ടയാടാനുമായി ഞാനെന്‍റെ മക്കളെ (ദലിത് ബഹുജന്‍) പാര്‍ലമെന്‍റിലേക്ക് അയക്കും' -രാധിക വ്യക്തമാക്കി. രോഹിത് വെമുല ആത്മഹത്യ ചെയ്യുമ്പോള്‍ സമൃതി ഇറാനിയായിരുന്നു കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി. 

2016 ജനുവരി 17നാണ് സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ രോഹിത് വെമുലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് കാമ്പസുകളിൽ പ്രതിഷേധം ശക്തമായിരുന്നു. കാമ്പസുകളിലെ ദലിത് പീഡനവും അന്ന് ചർച്ചയായി. വിഷയം വിവാദമായതോടെ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു എന്നിവര്‍ക്കെതിരെ പട്ടിക ജാതിക്കെതിരായ അതിക്രമം തടയാനുള്ള നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. 


 

Tags:    
News Summary - Jignesh Mevani attack to Union Minister Smriti Irani -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.