റാഞ്ചി: ഝാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ ആധുനികത പ്രചരിപ്പിക്കാൻ ചുംബന മത്സരം സംഘടിപ്പിച്ചത് വിവാദത്തിലായി. ഝാർഖണ്ഡ് മുക്തി മോർച്ച എം.എൽ.എ സൈമൺ മറാണ്ടിയാണ് ആദിവാസി ദമ്പതികൾക്ക് വേണ്ടി ശനിയാഴ്ച രാത്രി ചുംബന മത്സരം സംഘടിപ്പിച്ചത്. തിങ്കളാഴ്ച ചില പ്രാദേശിക പത്രങ്ങൾ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് എം.എൽ.എ പുലിവാല് പിടിച്ചത്.
എന്നാൽ, പിന്നീട് അദ്ദേഹം തന്നെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. സ്നേഹവും ആധുനികതയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ആദിവാസി വിഭാഗങ്ങളിലുള്ളവർ സങ്കോചമുള്ളവരാണ്. പരസ്യമായി ചുംബിക്കുന്നത് ഇവരുടെ സങ്കോചം അകറ്റുന്നത് സഹായിക്കും. ഇത് ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണ വളർത്തുന്നതിനും വിവാഹമോചനങ്ങൾ കുറക്കുന്നതിനും സഹായിക്കും- സൈമൺ മറാണ്ടി പറഞ്ഞു.
നൂറുകണക്കിന് പേർ പങ്കെടുത്ത പരിപാടിയിൽ വെച്ച് മൂന്ന് ദമ്പതികൾക്ക് സമ്മാനവും നൽകിയിരുന്നു.
ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിലൂടെ ഝാർഖണ്ഡ് മുക്തി മോർച്ച ലക്ഷ്യം വെക്കുന്നതെന്താണ് എന്ന് ചോദിച്ച ബി.ജെ.പി പരിപാടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ആദിവാസികളുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും പരിഹസിക്കുകയാണ് സൈമൺ മറാണ്ടിയെന്നും ബി.ജെ.പി നേതാവ് രമേശ് പുഷ്ക്കർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.