ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിൽനിന്നുണ്ടായ ‘ജെറ്റ് ബ്ലാസ്റ്റി’ൽ അഞ്ചുപേർക്ക് പരിക്ക്. ഇൻഡിഗോ വിമാനത്തിൽ കയറാനായി പുറപ്പെട്ട യാത്രക്കാർ സഞ്ചരിച്ച ബസിനുനേരെയാണ് ജെറ്റ് ബ്ലാസ്റ്റുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. യാത്രക്കാരെ ഇറക്കി പാർക്കിങ്ങിനായി നീങ്ങിയ സ്പൈസ് ജെറ്റ് വിമാനമാണ് ചൂടുള്ള വായു അതിശക്തിയായി പുറന്തള്ളിയത്. ഇതിെൻറ ആഘാതത്തിൽ ബസിെൻറ മുന്നിലെ വലതുചില്ല് തകർന്നാണ് അതിലെ യാത്രക്കാർക്ക് പരിക്കേറ്റത്. ഇവർക്ക് വിമാനത്താവളത്തിനകത്തെ ക്ലിനിക്കിൽ ചികിത്സ നൽകി. ഇതിൽ രണ്ടുപേർ നിശ്ചയിച്ചപ്രകാരം യാത്ര തുടർന്നു.
വിമാനത്തിൽനിന്ന് ചൂടുള്ള വായു അതിശക്തമായി പുറന്തള്ളുന്നതാണ് ‘ജെറ്റ് ബ്ലാസ്റ്റ്’. സ്പൈസ് ജെറ്റിെൻറ എസ്.ജി 253 വിമാനമാണ് ശനിയാഴ്ച ഉച്ചക്കുശേഷം 2.50ന് അപകടം വരുത്തിയത്. ഇൻഡിഗോ 6ഇ-191 വിമാനത്തിൽ മുംബൈയിലേക്ക് പോകാനുള്ള യാത്രക്കാരെ കയറ്റിയ ബസിനുനേരെയാണ് വായു പ്രവഹിച്ചത്. സിവിൽ വ്യോമയാന ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിച്ചാണ് വിമാനം പാർക്കിങ്ങിന് നീങ്ങിയതെന്നും അപകടം വരുത്തിയത് ജെറ്റ് ബ്ലാസ്റ്റാണെന്ന് ഉറപ്പു പറയാറായില്ലെന്നും സ്പൈസ് ജെറ്റ് വാർത്തക്കുറിപ്പിൽ പറഞ്ഞു. പുറത്തുനിന്നുള്ള വസ്തുവാണോ, അതോ ബസ് ചട്ടം ലംഘിച്ച് വിമാനത്തിെൻറ അടുത്തുവന്നതാണോ പ്രശ്നമായതെന്ന് അന്വേഷിക്കണമെന്നും വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.