ജപ്പാനുമായി 10,000 കോടിയുടെ പ്രതിരോധ ഇടപാട്

ന്യൂഡല്‍ഹി: ജപ്പാനുമായി 10,000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ. കരയില്‍നിന്നും കടലില്‍നിന്നും പറന്നുയരാന്‍ കഴിയുന്ന 12 യുഎസ്2ഐ വിമാനങ്ങളാണ് ജപ്പാനില്‍നിന്ന് ഇന്ത്യ വാങ്ങുന്നത്. വന്‍ സാമ്പത്തികബാധ്യത വരുമെന്നതിനാല്‍ മുമ്പ് മരവിപ്പിച്ച് നിര്‍ത്തിയ ഈ ഇടപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പുനരുജ്ജീവിപ്പിക്കുന്നത്. നവംബര്‍ 11,12 തീയതികളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

സിവില്‍ ആണവ സഹകരണ കരാറാണ് മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും നടത്തുന്ന കൂടിക്കാഴ്ചയിലെ മുഖ്യ ശ്രദ്ധാകേന്ദ്രം. ഇതിനു പുറമെയാണ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിടുന്നത്. നാവികസേനക്കും തീരസംരക്ഷണ സേനക്കും ആറു വീതം വിമാനങ്ങളാണ് വാങ്ങുന്നത്. തിങ്കളാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീകറുടെ അധ്യക്ഷതയില്‍ ചേരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (സി.എ.ഡി) ഇത് സംബന്ധിച്ച് അന്തിമരൂപമുണ്ടാക്കും.

പ്രധാനമായും തിരച്ചില്‍, രക്ഷാദൗത്യങ്ങള്‍ക്കാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. അടിയന്തരഘട്ടങ്ങളില്‍ 30 സൈനികരെ യുദ്ധമുഖത്ത് എത്തിക്കാനും കഴിയും. ഏഷ്യ പസഫിക് മേഖലയില്‍ മുഖ്യ എതിരാളിയായ ചൈനക്കുള്ള സന്ദേശം എന്ന നിലയിലാണ് ഈ ഇടപാടിനെ വിലയിരുത്തുന്നത്. തങ്ങളുടെ ഭൂപ്രദേശങ്ങളുടെ മേല്‍ അവകാശമുന്നയിക്കുന്ന ചൈനയുടെ നടപടിയില്‍ ഇന്ത്യയും ജപ്പാനും രോഷാകുലരാണ്. സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ജപ്പാന്‍ സ്വയം ഏര്‍പ്പെടുത്തിയ അഞ്ച് ദശാബ്ദത്തെ നിരോധനം അവസാനിച്ചശേഷം ജപ്പാനുമായി ഇന്ത്യ നടത്തുന്ന ആദ്യ പ്രതിരോധ ഇടപാടാണിത്.

2013ലാണ് ഇതു സംബന്ധിച്ച ചര്‍ച്ച തുടങ്ങിയത്. എന്നാല്‍, ഭാരിച്ച ചെലവ് കണക്കിലെടുത്ത് തുടര്‍ചര്‍ച്ചകള്‍ തല്‍ക്കാലം മരവിപ്പിക്കുകയായിരുന്നു.
വിലയില്‍ അല്‍പം കുറവുവരുത്താന്‍ ജപ്പാന്‍ സമ്മതിച്ചതിനെതുടര്‍ന്നാണ് വിമാന ഇടപാടിനുള്ള ചര്‍ച്ച വീണ്ടും സജീവമായത്. നേരത്തേ, 12 വിമാനങ്ങള്‍ക്ക് 10,720 കോടി രൂപയാണ് ജപ്പാന്‍ ആവശ്യപ്പെട്ടത്.

Tags:    
News Summary - jappan india treaty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.