‘ബിഹാറിൽ സ്ത്രീകൾക്ക് എൻ.ഡി.എ നൽകിയത് ലോകബാങ്കിന്റെ പണം, ഫണ്ട് വകമാറ്റി,’ അധാർമികമെന്ന് പവൻ വർമ

പാട്ന: ബിഹാറിൽ മുഖ്യമന്ത്രി മഹിള റോസ്ഗാർ യോജനയുടെ ഭാഗമായി സ്ത്രീകളുടെ അക്കൗണ്ടുകളിൽ പണം വിതരണം ചെയ്യാൻ ലോകബാങ്കിന്റെ ഫണ്ട് വഴിമാറ്റിയെന്ന് ആരോപണം. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻസുരാജ് പാർട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പാണ് വനിത വോട്ടർമാർക്ക് പണം വിതരണം ചെയ്തത്.

മറ്റൊരു പദ്ധതിക്കായി ലോക ബാങ്ക് അനുവദിച്ച പണം കേന്ദ്രസർക്കാർ വകമാറ്റി ​ചെലവഴിക്കുകയായിരുന്നുവെന്ന് ​വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ജൻസുരാജ് പാർട്ടി വക്താവ് പവൻ വർമ പറഞ്ഞു. മുഖ്യമന്ത്രി മഹിള റോസ്ഗാർ യോജനയുടെ ഭാഗമായി ആദ്യഘട്ടത്തിൽ, 1.25 വനിതകളുടെ അക്കൗണ്ടുകളിൽ 10,000 രൂപ വീതമാണ് നൽകിയത്. ഇതിന് പണം ​കണ്ടെത്തിയത് മറ്റൊരു പദ്ധതിക്ക് ലോകബാങ്ക് അനുവദിച്ച പണം കേ​ന്ദ്രസർക്കാറിന്റെ പിന്തുണയോടെ വകമാറ്റിയാണെന്ന് പവൻ ആരോപിച്ചു.

നിലവിൽ ബിഹാറി​ന്റെ പൊതുകടം 4,06,000 കോടിയാണ്. പ്രതിദിനം പലിശയിനത്തിൽ 63 കോടിയാണ് നൽകേണ്ടത്. ഇത് ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ, തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് 1.25 വനിതകളുടെ അക്കൗണ്ടുകളിൽ 10,000 രൂപ വീതം നൽകി. ഇതിനായി ലോകബാങ്ക് മറ്റൊരുപദ്ധതിക്ക് അനുവദിച്ച 21,000 കോടിയിൽ നിന്ന് 14,000 കോടി വകമാറ്റി ഉപയോഗിച്ചതായാണ് വിവരമെന്നും വർമ പറഞ്ഞു.

വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം. ഇത് സത്യമാണെന്ന് തെളിഞ്ഞാൽ അത് എത്രത്തോളം അധാർമികമായ നടപടിയായിരിക്കുമെന്നും വർമ ചൂണ്ടിക്കാട്ടി. ആകെ നാല് കോടി സ്ത്രീകളിൽ 2.5 കോടി പേർക്ക് ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നും എൻ.‌ഡി‌.എ അധികാരത്തിൽ വന്നില്ലെങ്കിൽ ആനുകൂല്യം തങ്ങളിൽ എത്തില്ലെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഇത്തരം സൗജന്യങ്ങൾ നൽകുന്നതിനെ ​പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിമർശിച്ചിട്ടുണ്ട്. ഡൽഹി നിയമസഭയുടെയും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും പശ്ചാത്തലത്തിലാവും മോദി വിമർശനം ഉന്നയിച്ചത്. നിലവിൽ ബിഹാറിൽ എന്താണ് സംഭവിച്ചതെന്നും പവൻ ചോദിച്ചു. അധികാരത്തിലെത്തിയാൽ ബിഹാറിൽ മദ്യനിരോധനം പിൻവലിക്കുമെന്ന പ്രശാന്ത് കിഷോറിന്റെ വാഗ്ദാനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടില്ല. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഉയർന്ന വിലക്ക് മദ്യം വിൽക്കുന്നുണ്ട്. ഇത് കുടുംബങ്ങളെ നിലവിൽ ബാധിക്കുന്നില്ലേ എന്നും പവൻ ചോദിച്ചു.

ബിഹാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുമെന്ന അവകാശവാദവുമായി രംഗ​ത്തുവന്ന പ്രശാന്ത് കിഷോറിനും ജൻസുരാജ് പാർട്ടിക്കും ബിഹാറിൽ ഒരുസീറ്റ് പോലും നേടാനായിരുന്നില്ല. മത്സരിച്ചതിൽ 99.16 ശതമാനം സീറ്റുകളിലും പാർട്ടിക്ക് കെട്ടിവെച്ച കാശും പോയി. 236 സീറ്റുകളിലാണ് കാശ് നഷ്ടമായത്. രണ്ടിടങ്ങളിൽ മാത്രമാണ് പാർട്ടിക്ക് കെട്ടിവെച്ച 10,000 രൂപ തിരിച്ച് ലഭിക്കാൻ അർഹതയുള്ളത്.

Tags:    
News Summary - Jan Suraaj makes big claim after Bihar election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.