ജൻ ആക്രോശ് ജാഥയുടെ സമാപനച്ചടങ്ങ്
ന്യൂഡൽഹി: ഇറാനും ഫലസ്തീനും നേരെയുള്ള യുഎ.സ്-ഇസ്രായേൽ ആക്രമണത്തെ കേന്ദ്ര സർക്കാർ അപലപിക്കണമെന്ന് സി.പി.എം പ്രമേയം. ആക്രമണങ്ങളെ അപലപിക്കുന്നതിന് പകരം, ബി.ജെ.പിക്ക് കീഴിൽ ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയായി മാറിയിരിക്കുന്നുവെന്ന് സി.പി.എം കുറ്റപ്പെടുത്തി.
മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ ഉയർത്തി നടന്ന ജൻ ആക്രോശ് ജാഥയുടെ സമാപനത്തിലാണ് സി.പി.എം പ്രമേയം ഇറക്കിയത്. ഗൾഫിലും പശ്ചിമേഷ്യയിലും താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം. വിലക്കയറ്റം തടയുന്നതിനും ആവശ്യക്കാർക്കെല്ലാം സിലിണ്ടറുകൾ ലഭ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം എന്നും ചോദ്യങ്ങൾ ഉയർത്തുമെന്ന് റാലിയിൽ സംസാരിച്ച പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. മുതലാളിമാർക്കുവേണ്ടി തൊഴിലാളികളെ അടിമകളാക്കാനുള്ള ലേബർ കോഡുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 33 റാലികൾ, നിരവധി പൊതുസമ്മേളനങ്ങൾ നടത്തിയശേഷമാണ് ചൊവ്വാഴ്ച ജൻ ആക്രോശ് ജാഥയുടെ സമാപനം ഡൽഹി രാം ലീലാ മൈതാനിയിൽ നടന്നത്.
തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു കൊണ്ടുവന്ന വിബി ജി റാംജി നിയമം പിൻവലിക്കുക, വൈദ്യുതി,വിത്ത് ഭേദഗതി നിയമങ്ങളിൽ നിന്ന് പിന്മാറുക, കർഷക വിരുദ്ധമായ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു ജൻ ആക്രോശ് ജാഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.