എൽ.പി.ജി 

അമേരിക്ക - ഇറാൻ യു​ദ്ധം; ഇന്ത്യയിൽ 'എൽ.പി.ജി കാര്യക്ഷമത നയം' നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പുണെ ഗ്യാസ്

ന്യൂഡൽഹി: അമേരിക്ക-ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള ഇന്ധന വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ, ഇന്ത്യയിൽ ആദ്യമായി ‘എൽ.പി.ജി കാര്യക്ഷമത നയം’ നടപ്പിലാക്കണമെന്ന ആവശ്യവുമായി പൂണെ ഗ്യാസ് കേന്ദ്ര സർക്കാരിനെ സമീപിച്ചു. യുദ്ധസാഹചര്യം സൃഷ്ടിച്ച അനിശ്ചിതത്വം വാണിജ്യ ഇന്ധന വിപണിയിൽ വൻ വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്.

നിലവിലെ സംഘർഷാന്തരീക്ഷം ആഗോള വിപണിയിലെ എൽ.പി.ജി വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. നേരത്തെ ഏകദേശം 1,884 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില ഇപ്പോൾ 3,100 രൂപയായി കുതിച്ചുയർന്നു. ഹോട്ടലുകൾ, ആശുപത്രികൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ തുടങ്ങി എൽ.പി.ജിയെ അമിതമായി ആശ്രയിക്കുന്ന മേഖലകളെ ഈ വിലവർധനവ് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സർക്കാർ ഇടപെടലുകൾ വഴി വിതരണം മുടങ്ങാതെ തുടരുന്നുണ്ടെങ്കിലും, ഇന്ധനം പാഴാക്കാതെ ഉപയോഗിക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കൂ എന്ന് കമ്പനി ചൂണ്ടിക്കാട്ടി.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൽ എൽ.പി.ജി ഉപയോഗം കാര്യക്ഷമമാക്കുന്നതിനുള്ള സമഗ്രമായ നയരൂപീകരണമാണ് പൂണെ ഗ്യാസ് മുന്നോട്ടുവെക്കുന്നത്. വാണിജ്യ സ്ഥാപനങ്ങളിൽ 47.5 കിലോയുടെ 'ലോട്ട്' സിലിണ്ടറുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക, ഇന്ധന ദുരുപയോഗം തടയുക, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. കൂടാതെ, എൽ.പി.ജി കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെ കുറിച്ച് രാജ്യവ്യാപകമായി ബോധവൽക്കരണ കാമ്പയ്‌നുകൾ നടത്തണമെന്നും സർക്കാർ-എണ്ണ കമ്പനികൾ-വ്യവസായ മേഖല എന്നിവർ തമ്മിൽ സഹകരണം വർധിപ്പിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ഇന്ധന ലഭ്യത വർധിപ്പിക്കുക എന്നത് മാത്രമല്ല, ലഭിക്കുന്ന ഇന്ധനം എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നത് പരിശോധിക്കേണ്ട സമയമാണിതെന്ന് പൂണെ ഗ്യാസ് സി.ഇ.ഒ ജെസാൽ സമ്പത്ത് പറഞ്ഞു. ഇന്ധന പാഴ്ച്ചെലവ് ഒഴിവാക്കുന്നത് പ്രവർത്തന ചെലവ് കുറക്കാനും ദേശീയ തലത്തിലെ ആവശ്യം നിയന്ത്രിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Amid War, Centre Urged To Roll Out India's LPG Efficiency Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.