ഡൽഹി കലാപം; താഹിർ ഹുസൈന്‍ കുറ്റക്കാരനെന്ന് കോടതി; കലാപത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി -എ.എ.പി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിന് പിന്നാലെ പാർട്ടിയിൽ നിന്നും താഹിർ ഹുസൈനെ പുറത്താക്കിയിരുന്നുവെന്ന് ആം ആദ്മി പാർട്ടി. കലാപത്തിനിടെ ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ താഹിർ ഹുസൈനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പാർട്ടിയുടെ ദേശീയ നേതൃത്വം രംഗത്തെത്തിയത്. അന്ന് പാർട്ടി കൗൺസിലറായിരുന്ന ഹുസൈനെതിരെ കേസെടുത്തതിന് പിന്നാലെ തന്നെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നുവെന്നും അന്നുമുതൽ തങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നും എ.എ.പി തിങ്കളാഴ്ച വ്യക്തമാക്കി.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ഹുസൈനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കൂടാതെ, അദ്ദേഹം പിന്നീട് മുസ്തഫാബാദിൽ നിന്ന് അദ്ദേഹം എ.ഐ.എം.ഐ.എം യുടെ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇത് മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുകയും ബി.ജെ.പിയുടെ വിജയത്തിന് കാരണമായെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ഹുസൈന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ എ.എപി.ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ഹുസൈനുമായുള്ള മുൻകാല ബന്ധത്തിന്റെ പേരിൽ എ.എ.പി നേതാക്കൾ മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ താഹിർ ഹുസൈനെയും മറ്റ് നാല് പേരെയും അഡീഷണൽ കോടതി കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്. വിധി പ്രസ്താവത്തിന് പിന്നാലെ കോടതിയിൽ വെച്ച് ഹുസൈൻ പൊട്ടിക്കരഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ 2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. അന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Court finds Tahir Hussain guilty in delhi riot cae; expelled from the party following the riots - AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.