ന്യൂഡൽഹി: എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് മൂലം തന്റെ ലക്ഷ്വറി എസ്‌യുവിയുടെ മൈലേജ് കുത്തനെ കുറഞ്ഞുവെന്ന് പ്രമുഖ വ്ലോഗർ സൗരവ് ജോഷി. തന്റെ മെഴ്സിഡസ് ബെൻസ് എസ്.യു.വിയുടെ ഇന്ധനക്ഷമത 12 കിലോമീറ്റർ കുറഞ്ഞതായാണ് സൗരവ് ജോഷി കഴിഞ്ഞദിവസം വിഡിയോയിലൂടെ വ്യക്തമാക്കിയത്. എന്നാൽ, തങ്ങളുടെ ബി.എസ് 6 (BS VI) പെട്രോൾ വാഹനങ്ങൾ ഇ20 (E20) പെട്രോളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണെന്ന് മെഴ്സിഡസ് ബെൻസ് പ്രതികരിച്ചു.
തന്റെ എസ്.യു.വി കാറിന്റെ മൈലേജ് ഇ-20 പെട്രോൾ ഉപയോഗിച്ച ശേഷം 48 മണിക്കൂറിനുള്ളിൽ 17 കിലോമീറ്ററിൽനിന്ന് 5 കിലോമീറ്ററായി ചുരുങ്ങിയെന്നായിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്ലോഗറായ സൗരവ് ജോഷി ചൂണ്ടിക്കാട്ടിയത്. പ്രാദേശിക പെട്രോൾ പമ്പുകളിൽ വിൽക്കുന്ന എഥനോൾ കലർന്ന ഇന്ധനമാണ് ഇതിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതേത്തുടർന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
‘കാറിന്റെ മൈലേജ് 17 ൽ നിന്ന് കുത്തനെ 9 ആയി കുറഞ്ഞത് ഇന്നലെ ഞാൻ നിങ്ങൾക്ക് കാണിച്ചു തന്നു. ഇന്ന് അത് എന്തായി എന്ന് നിങ്ങൾക്കറിയാമോ? ഇന്ന് അത് അഞ്ചിലെത്തി... നോക്കൂ, അത് അഞ്ച് മൈലേജ് കാണിക്കുന്നു’ -അദ്ദേഹം വിഡിയോയിൽ പറഞ്ഞു.
മുൻപ് ഫുൾടാങ്ക് പെട്രോൾ നിറച്ചാൽ 800 കിലോമീറ്റർ വരെ സഞ്ചരിക്കാമായിരുന്ന വാഹനത്തിന്റെ റേഞ്ച് ഇപ്പോൾ 480 കിലോമീറ്ററായി കുറഞ്ഞുവെന്നും ഇത് തന്റെ ജർമ്മൻ നിർമ്മിത എസ്‌യുവിയുടെ എൻജിനെ ബാധിക്കുമോ എന്ന് ഭയമുണ്ടെന്നും സൗരവ് ജോഷി ആശങ്ക പങ്കുവെച്ചു. ‘ഈ വണ്ടി എപ്പോഴാണ് പണിമുടക്കുക എന്ന് എനിക്കറിയില്ല... ഇപ്പോൾ പെട്രോൾ അടിക്കാൻ തന്നെ എനിക്ക് പേടിയാണ്’ -എന്നാണ് ജോഷി പറഞ്ഞത്.
സൗരവ് ജോഷിയുടെ വിഡിയോ വൈറലായതോടെ ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാൻ മെഴ്സിഡസ് ബെൻസ് ഇന്ത്യ രംഗത്തെത്തി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട ആശങ്കകൾ കമ്പനി നേരിട്ട് അഭിസംബോധന ചെയ്തു. തങ്ങളുടെ എല്ലാ ബിഎസ് VI പെട്രോൾ വാഹനങ്ങളും ഇ20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ട അധികൃതർ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
‘ഉപഭോക്താക്കളുടെ സുരക്ഷക്കും വാഹനങ്ങളുടെ വിശ്വാസ്യതക്കും പ്രവർത്തനക്ഷമതക്കും തങ്ങൾ പരമമായ പ്രാധാന്യമാണ് നൽകുന്നത്. സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാങ്കേതികമായ എന്ത് സംശയങ്ങൾക്കും മറുപടി നൽകാൻ കമ്പനി തയ്യാറാണ്’ -അവർ കൂട്ടിച്ചേർത്തു
80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേർന്ന മിശ്രിതമാണ് ഇ20 പെട്രോൾ. ഇന്ത്യയിൽ ഈ ഇന്ധനം വാഹനങ്ങളുടെ മൈലേജ് കുറക്കുമെന്നും പഴയ മോഡൽ എൻജിനുകളെ ദോഷകരമായി ബാധിക്കുമെന്നും ഉപഭോക്താക്കൾ വ്യാപകമായി പരാതിപ്പെടുന്നുണ്ട്. 2020 മുതൽ വിപണിയിലിറങ്ങിയ മെഴ്സിഡസ് ബെൻസ് വാഹനങ്ങൾ ഇ20 ഇന്ധനത്തിനായി പ്രത്യേകമായി രൂപകൽപന ചെയ്തതാണെങ്കിലും, പഴയ മോഡലുകളിൽ ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടായേക്കാം എന്ന് കമ്പനി സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.