മുംബൈ: ജർമ്മനിയിൽ നിന്ന് വസ്ത്രങ്ങളെന്ന വ്യാജേന പാഴ്സലുകളിൽ ഒളിപ്പിച്ച് 4000 എം.ഡി.എം.എ (എക്സ്റ്റസി) ഗുളികകൾ ഇന്ത്യയിലേക്ക് കടത്തിയതായി മുംബൈ പൊലീസ്. മുംബൈ എക്സിബിഷൻ സെന്ററിൽ സംഗീത പരിപാടിക്കിടെ രണ്ട് വിദ്യാർഥികൾ മരിച്ച നെസ്കോ മയക്കുമരുന്ന് കേസിന്റെ കുറ്റപത്രത്തിലാണ് മുംബൈ പൊലീസിന്റെ വെളിപ്പെടുത്തൽ. രണ്ട് പാഴ്സലുകളിലായി 4000 ഗുളികകളാണ് ഇത്തരത്തിൽ മുംബൈയിലെത്തിച്ചത്.
കഴിഞ്ഞ ആഴ്ച ബോറിവാലിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ വാൻറായി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജർമ്മൻ പൗരൻ ലക്ഷ്മി പ്രസാദ് ലോകനാഥനാണ് വസ്ത്രങ്ങൾ അയക്കുന്നെന്ന വ്യാജേന പാഴ്സലുകൾ അയച്ചത്. ബില്ലുകളിൽ "സ്വീറ്റ്ഹാർട്ട് മിഡി ഡ്രസ്" എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 3,000 എം.ഡി.എം.എ ഗുളികകൾ അടങ്ങിയ ആദ്യ പാഴ്സൽ ഫെബ്രുവരി രണ്ടിന് ദുബായ് വഴി ഉല്ലാസ്നഗറിലെ ഒരു വിലാസത്തിലാണ് എത്തിയത്. രണ്ടാമത്തെ പാഴ്സലിൽ 1,000 ഗുളികകളുണ്ടായിരുന്നു. മാർച്ചിൽ ഡൽഹി വഴിയാണ് ഇത് മുംബൈയിലെത്തിയത്. ഇവ രണ്ടും ഒരു അമേരിക്കൻ കൊറിയർ കമ്പനി വഴിയാണ് എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഉല്ലാസ്നഗറിലെ ദിപേഷ് ഹേംവാനിയാണ് പാഴ്സലുകൾ കൈപ്പറ്റിയതെന്നും പിന്നീട് അവ പ്രതിയായ ആയുഷ് സാഹിത്യയ്ക്ക് കൈമാറിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഏപ്രിൽ 1 മുതൽ 3 വരെ മുംബൈ സന്ദർശിച്ച പിടികിട്ടാപ്പുള്ളി ലോകനാഥൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചതെന്നും, അദ്ദേഹത്തിന്റെ ഹോട്ടൽ ചെലവുകൾ വഹിച്ചത് ഈ കേസിലെ പ്രതിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
300 മുതൽ 400 വരെ ആളുകൾക്ക് മാത്രം പരിപാടി നടത്താനാണ് സംഘാടകർ അനുമതി വാങ്ങിയതെന്നും, എന്നാൽ 4,000-ത്തിലധികം ആളുകൾ സംഗീത പരിപാടിക്ക് എത്തിയിരുന്നെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഏപ്രിൽ 11-ന് സംഗീത പരിപാടിക്കിടെ 24 വയസ്സുള്ള ശ്രേയ റായ്, 28 വയസ്സുള്ള ബിസ്മത് സിങ് എന്നീ വിദ്യാർഥികളാണ് മരണപ്പെട്ടത്. പരിശോധനയിൽ വിദ്യാർഥികൾ എം.ഡി.എം.എ അമിതമായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ആയുഷ് സാഹിത്യയാണ് ഈ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ സൂത്രധാരൻ എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.