99 വർഷത്തെ പാട്ടക്കാലാവധി കഴിഞ്ഞു; 8,373.57 ഏക്കർ ഭൂമി വനം വകുപ്പിന് കൈമാറി

കോയമ്പത്തൂർ: തിരുനെൽവേലിയിലെ മാഞ്ചോലൈ എസ്റ്റേറ്റ് ഭൂമി പാട്ടക്കരാർ കാലാവധി കഴിയുന്നതിന്റെ ഭാഗമായി തമിഴ്‌നാട് വനം വകുപ്പിന് ഔദ്യോഗികമായി കൈമാറി. തിരുനെൽവേലി ജില്ലയിലെ കല്ലിടൈക്കുറിച്ചിക്കടുത്തുള്ള മാഞ്ചോലൈ മലനിരകളിലെ 8,373.57 ഏക്കർ ഭൂമിയാണ് വനം വകുപ്പിന് സ്വകാര്യ കമ്പനി കൈമാറിയത്.

സിംഗപ്പട്ടി ജമീൻ 8,373.57 ഏക്കർ ഭൂമി 99 വർഷത്തേക്ക് (1929-2028) മുംബൈയിലെ പി.പി.ഡി.സി.എൽ കമ്പനിക്ക് പാട്ടക്കരാർ നൽകിയിരുന്നു. പാട്ടക്കാലാവധി 2028ന് അവസാനിക്കുന്നതിനാൽ ഭൂമി വനം വകുപ്പിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് അവസാനഘട്ട കൈമാറൽ നടന്നത്. ആദ്യ ഘട്ടത്തിൽ, 8,152.13 ഏക്കർ ഭൂമി 2025 മേയ് മാസത്തിൽ വനം വകുപ്പിന് കൈമാറി. ശേഷിക്കുന്ന 221.44 ഏക്കർ ഭൂമി മാഞ്ചോലൈ, കക്കാച്ചി, നാലുമുക്ക്, ഊട്ടു എന്നിവിടങ്ങളിലെ തൊഴിലാ ളികളുടെ ക്വാർട്ടേഴ്‌സുകൾ, തേയില ഫാക്ടറികൾ എന്നിവ കൈവശപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിൽ, സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, മേയ് 29ന്, അംബാ സമുദ്രം ഡെപ്യൂട്ടി ഡയറക്ടറും ഫോറസ്റ്റ് കൺസർവേറ്ററും പി.പി.ഡി.സി.എല്ലിന് 15 ദിവസത്തിനുള്ളിൽ ബാക്കിയുള്ള 221.44 ഏക്കർ ഭൂമി വനം വകുപ്പിന് കൈമാറാൻ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം അംബാ സമുദ്രം ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ, കരാറിൽ ഒപ്പുവച്ചത്. ഇതിലൂടെ, ശേഷിക്കുന്ന 221.44 ഏക്കർ ഭൂമിയും വനം വകുപ്പിന് ഔദ്യോഗികമായി കൈമാറി. 

Tags:    
News Summary - 99-year lease period ends acres of land handed over to the Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.