യുവാക്കളിൽ ഹൃദയാഘാതം വർധിക്കാൻ കാരണം കോവിഡ് വാക്സിനേഷനോ?; ഐ.സി.എം.ആർ പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: കോവിഡിന് ശേഷം യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കോവിഡ്-19 വാക്സിനേഷനാണ് ഹൃദയാഘാതത്തിന് കാരണമെന്നും വ്യാപക ആക്ഷേപമുണ്ട്. എന്നാൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പഠനം വ്യക്തമാക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻ.ഐ.ഇ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 തൃതീയതല ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇന്ത്യയിലെ 18-45 വയസ്സിനിടയിലുള്ള യുവാക്കളിൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. 'ഫാക്ടേഴ്സ് അസോസിയേറ്റഡ് വിത്ത് ത്രോംബോട്ടിക് ഇവന്റ് അമങ് യങ് അഡൾട്സ് ഇൻ ഇന്ത്യ, 2021-23: എ മൾട്ടി-സെൻട്രിക് ഹോസ്പിറ്റൽ ബെയ്‌സ്ഡ് മാച്ച്ഡ് കേസ്-കൺട്രോൾ സ്റ്റഡി' എന്ന തലക്കെട്ടിൽ നടത്തിയ ഈ പഠനത്തിൽ, പുകവലി, നിലവിലുള്ള രോഗം, പാരമ്പര്യം, ഗുരുതരമായ കോവിഡ്-19 അണുബാധ തുടങ്ങിയവയും ജീവിതശൈലിയുമാണ് ത്രോംബോസിസിന് പ്രധാന കാരണമാകുന്നതെന്ന് കണ്ടെത്തി. (രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിച്ച് രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥയാണ് 'ത്രോംബോട്ടിക് ഇവന്റ്').

2023 മെയ് മാസത്തോടെ ഇന്ത്യയിലെ അർഹരായ 97 ശതമാനം ആളുകളും കോവിഡ്-19 വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനം പേർ രണ്ട് ഡോസുകളും സ്വീകരിച്ചു.

കോവിഡ്-19 വാക്സിനുകൾ ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം, ദീർഘകാല സങ്കീർണ്ണതകൾ എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഇന്ത്യയിലും വിദേശത്തും നടത്തിയ വിപുലമായ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പഠനത്തിന്റെ ഭാഗമായി 432 അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം) കേസുകളും 767 ത്രോംബോട്ടിക് ഇവന്റ് കേസുകളും വിശകലനം ചെയ്തു. ഐ.സി.എം.ആർ-എൻ.ഐ.ഇ ഡയറക്ടർ ഡോ. മനോജ് മുർഹേക്കർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പഠനം. വ്യാപകമായ SARS-CoV-2 വ്യാപന കാലയളവിൽ യുവാക്കളിൽ കോവിഡ്-19 വാക്സിനേഷൻ രക്തം കട്ടപിടിക്കലിന്റെ, പ്രത്യേകിച്ച് ഹൃദയാഘാതത്തിന്റെ സാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് ഗവേഷകരുടെ നിഗമനം. യുവാക്കളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൃദയാഘാതത്തിന് നേരത്തെ ഉണ്ടായ ത്രോംബോട്ടിക് ഇവന്റുകളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Covid vaccines didn’t increase heart attack risk: ICMR study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.