ജയ്പുർ (രാജസ്ഥാൻ): പത്തനംതിട്ട സ്വദേശിയായ സിവിൽ എൻജിനീയർ അമിത് നായരെ (28) ജയ്പുരിൽ വെടിവെച്ചു കൊന്ന കേസിൽ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. പത്തനംതിട്ട മണ്ണടി മീലാനഴികത്ത് വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ സോമൻ പിള്ളയുടെ മകൻ അമിത് നായരെ ദുരഭിമാനഹത്യ നടത്തിയ കേസിൽ ഭാര്യപിതാവ് ജീവൻ റാം ചൗധരി, മാതാവ് ഭഗ്വാനി ദേവി എന്നിവരും കൃത്യം ആസൂത്രണം ചെയ്യുന്നതിൽ പങ്കുവഹിച്ച ഭഗ്വാന റാം എന്നയാളുമാണ് പിടിയിലായത്. നാലാമത്തേയാളുടെ വിവരം ലഭിച്ചിട്ടില്ല.
കരാറുകാരനായിരുന്ന സോമൻ പിള്ളയുടെ കുടുംബം 40 വർഷത്തോളമായി ജയ്പുരിൽ താമസമാക്കിയിട്ട്. ജയ്പുർ സ്വദേശിനി മമത ചൗധരിയെ അമിത് നായർ പ്രണയിക്കുകയും രണ്ടുവർഷം മുമ്പ് കൊട്ടാരക്കരയിൽവെച്ച് വിവാഹം നടത്തുകയും ചെയ്തിരുന്നു. മമതയുടെ വീട്ടുകാരുടെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. ബന്ധം വേർപെടുത്താൻ മമതയുടെ കുടുംബം നിരന്തരം ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇൗയിടെ മമത ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബന്ധുക്കൾ കൂടുതൽ രോഷാകുലരാവുകയും അമിത് നായരെ വധിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്നാണ് ജഗദംബ വിഹാർ മേഖലയിൽ കാർണിവിഹാറിലെ വീട്ടിലെത്തി മേയ് 17ന് കൃത്യം നടത്തിയത്. അന്നുരാവിലെ മമതയുടെ മാതാപിതാക്കളും രണ്ടു യുവാക്കളും സൗഹൃദസന്ദർശനമെന്ന മട്ടിൽ എത്തുകയും അമിത് നായരെ യുവാക്കളിലൊരാൾ നാടൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവെക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.