ജമ്മു: ജമ്മു-കശ്മീരിലെ രജൗരി മേഖലയിൽപെട്ട പൂഞ്ച് ജില്ലയിൽ സൈനിക ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രാഷ്ട്രീയ റൈഫിൾസിലെ അഞ്ചു ജവാന്മാർക്ക് വീരമൃത്യു. മെന്ദാർ സബ്ഡിവിഷനിൽ ഭട്ട ദൂരിയൻ ദേശീയപാതയിൽ വ്യാഴാഴ്ച പകൽ മൂന്നിനാണ് സംഭവം. പ്രദേശത്ത് ഭീകരവിരുദ്ധ പ്രവർത്തനം നടത്തുന്ന സേനയാണ് രാഷ്ട്രീയ റൈഫിൾസ്. അഞ്ചു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഗുരുതര പരിക്കേറ്റ ഒരു സൈനികനെ രജൗരിയിലെ സൈനികാശുപത്രിയിലേക്ക് മാറ്റി. ഭിംബർ ഗലിയിൽനിന്ന് സംഗിയാട്ടിലേക്കു പോയ സൈനിക വാഹനത്തിന് നേരെയാണ് അജ്ഞാതരായ ഭീകരർ ഗ്രനേഡ് എറിഞ്ഞത്. കനത്ത മഴയും വെളിച്ചക്കുറവും മുതലെടുത്തായിരുന്നു ആക്രമണമെന്ന് നോർത്തേൺ കമാൻഡ് അധികൃതർ അറിയിച്ചു.
സൈനിക വാഹനങ്ങളുടെ വ്യൂഹത്തിൽപെട്ട ട്രക്കിലെ സൈനികരെയാണ് ആക്രമിച്ചത്. കൂടുതൽ അന്വേഷണം നടക്കുകയാണ്. ഭീകരർക്കെതിരെ തിരച്ചിൽ ഊർജിതമാക്കി. സംഭവമറിഞ്ഞ് പൊലീസും സൈന്യവും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി.
തീകെടുത്താൻ ശ്രമം നടത്തിയെങ്കിലും വാഹനം ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. റോഡരികിൽ പാതി കരിഞ്ഞ മൃതശരീരങ്ങൾ കാണാമായിരുന്നു. വെടിയേറ്റതിന്റെ അടയാളങ്ങൾ വാഹനത്തിലുണ്ടായിരുന്നു. സൈനിക വാഹനത്തിന് മിന്നലേറ്റ് തീപിടിച്ചെന്നായിരുന്നു ആദ്യ വിവരം.
പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിച്ച വാഹനത്തിലാണ് സ്ഫോടനമുണ്ടായതെന്നും റിപ്പോർട്ടുണ്ടായിരുന്നു. പിന്നീടാണ് ഭീകരാക്രമണമാണെന്ന് സൈന്യം ഉറപ്പിച്ചത്.തീപിടിച്ചതിനൊപ്പം കനത്ത പുകയാണ് വാഹനത്തിൽ നിന്നുയർന്നത്. ആക്രമണത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ വിവരങ്ങൾ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.