സുപ്രീംകോടതി 

പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി വിധി നിസ്സാരമാക്കുന്നു; കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി ടി.വി കാമറ സ്ഥാപിക്കണമെന്ന ഉത്തരവ് പാലിക്കാതെ കോടതിയെ നിസ്സാരമാക്കുന്നതിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വിമർശിച്ചു. 2020ൽ പുറപ്പെടുവിച്ച ഉത്തരവ് സർക്കാറുകൾ നിസ്സാരമായാണ് എടുത്തതെന്നും സത്യവാങ്‌മൂലം പോലും സമർപ്പിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.

രാജസ്ഥാനിൽ എട്ട് മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങൾ നടന്നുവെന്ന മാധ്യമ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഉത്തരവ് പാലിച്ചോയെന്ന് വ്യക്തമാക്കുന്ന സത്യവാങ്‌മൂലം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജസ്റ്റിസ് മേത്ത നിർദേശം നൽകി. മിക്ക സംസ്ഥാനങ്ങളും പ്രതികരണം അറിയിക്കുന്നതിൽ വീഴ്ച വരുത്തി. ഭരണ മികവിന് പ്രസിദ്ധിയുള്ള കേരളംപോലും റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ജസ്റ്റിസ് മേത്ത ആശ്ചര്യം പ്രകടിപ്പിച്ചു. 11 സംസ്ഥാനങ്ങൾ മാത്രമാണ് ഉത്തരവ് പാലിച്ചതെന്ന് അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ ബോധിപ്പിച്ചു.

ഉത്തരവ് പ്രകാരം നടപടിയെടുത്ത മധ്യപ്രദേശ് സർക്കാറിനെ അദ്ദേഹം പ്രശംസിക്കുകയും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി ചൂണ്ടിക്കാട്ടുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങൾ മൗനം പുലർത്തുന്നത് അദ്ദേഹം ചോദ്യം ചെയ്തു. അപ്പോഴാണ് കേന്ദ്ര സർക്കാറും സത്യവാങ്‌മൂലം സമർപ്പിച്ചിട്ടില്ലെന്ന ദവെ ഓർമിപ്പിച്ചത്. കോടതി ഉത്തരവ് കേന്ദ്രം നിസ്സാരമായി എടുക്കരുതെന്ന് ജസ്റ്റിസ് മേത്ത പറഞ്ഞു. സത്യവാങ്‌മൂലം സമർപ്പിക്കുമെന്നും നേരത്തേ ഉത്തരവുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.

Tags:    
News Summary - Is the Centre taking us ‘very lightly’, Supreme Court asks government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.