പണപ്പെരുപ്പം രാജ്യ​െത്ത ദരിദ്രരെ ബാധിച്ചില്ലെന്ന് നിർമല സീതാരാമൻ; മോദി സർക്കാർ ജനങ്ങളെ രക്ഷിച്ചെന്ന്

പണപ്പെരുപ്പം രാജ്യ​െത്ത ദരിദ്രരെ ബാധിച്ചില്ലെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ പാവപ്പെട്ടവരെ രക്ഷിച്ചെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പുതിയ കണക്കുകൾ പ്രകാരം പണപ്പെരുപ്പം 7.01 ശതമാനം എന്ന ആശങ്കാജനകമായ സ്ഥിതിയിലാണ്. അപ്പോഴാണ് മന്ത്രി പുതിയ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വികസ്വര രാജ്യങ്ങളിലെ ജീവിതച്ചെലവ് പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്ന യു.എൻ.ഡി.പി (യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം) റിപ്പോർട്ട് പ്രകാരമാണ് മന്ത്രി ട്വീറ്റുകൾ നടത്തിരിക്കുന്നത്. 'വികസ്വര രാജ്യങ്ങളിലെ ജീവിതച്ചെലവ് പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്ന യു.എൻ.ഡി.പി റിപ്പോർട്ട് കാണിക്കുന്നത്, പണപ്പെരുപ്പം ഇന്ത്യയിലെ ദാരിദ്രരെ നിസാരമായി മാത്രമേ ബാധിച്ചുള്ളു എന്നാണ്'-മന്ത്രി ട്വിറ്ററിൽ കുറിച്ചു. കോവിഡ് മഹാമാരി കാലത്ത് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ മൂലമാണ് പണപ്പെരുപ്പം മൂലമുള്ള വിലക്കയറ്റം പാവപ്പെട്ടവരിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാത്തതെന്നാണ് ധനമന്ത്രി പറയുന്നത്.

'മഹാമാരിയുടെ തുടക്കം മുതൽ, പാവപ്പെട്ടവർക്ക് പി.എം.ജി.കെ.എ.വൈ, പി.എം.ജി.കെ.വൈ എന്നിവയിലൂടെ ഭക്ഷണവും പണവും സമയബന്ധിതമായി കൈമാറ്റം ചെയ്യുന്ന രീതിയാണ് മോദി സർക്കാർ നടപ്പിലാക്കിയത്. ഈ തന്ത്രമാണ് ദരിദ്രരെ രക്ഷിച്ചതെന്നും ധനമന്ത്രി അവകാശപ്പെടുന്നു. ഇന്ത്യയിലെ പണപ്പെരുപ്പം പ്രതിദിനം 1.9 ഡോളർ എന്ന 'കുറഞ്ഞ ദാരിദ്ര്യരേഖ"യ്ക്ക് താഴേക്ക് ആരേയും എത്തിച്ചില്ലെന്നാണ് യു.എൻ.ഡി.പി റിപ്പോർട്ട് പറയുന്നത്. എന്നാൽ ഉയർന്ന ദാരിദ്ര്യരേഖയായ പ്രതിദിനം 3.3 മുതൽ 5.5 ഡോളർ വരുമാനമുള്ളവരിൽ നിന്ന് 0.02 മുതൽ 0.04 വരെ ശതമാനംപേർ താഴേക്ക് പോകുമെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. പി.എം.ജി.കെ.എ.വൈക്ക് കീഴിൽ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള അവരുടെ സാധാരണ ഭക്ഷ്യധാന്യത്തിന് പുറമേ ഒരാൾക്ക് പ്രതിമാസം 5 കിലോഗ്രാം സൗജന്യ റേഷൻ സർക്കാർ നൽകി. 20 കോടിയോളം സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ട് വഴിയുള്ള പിന്തുണ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.


മന്ത്രി പറയുന്നതിൽ വാസ്തവം എന്താണ്?

പണപ്പെരുപ്പം സമ്പന്നരെക്കാൾ ദരിദ്രരെയാണ് ബാധിക്കുന്നത് എന്ന് സാമാന്യ ബോധമുള്ള ആർക്കും മനസിലാകുന്ന കാര്യമാണ്. പണപ്പെരുപ്പം കാരണം രാജ്യത്ത് ഭക്ഷണ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ദരിദ്രരിൽ ഭൂരിഭാഗം പേർക്കും രണ്ടു നേരം നന്നായി ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ലെന്നാണ് സർവ്വേകൾ പറയുന്നത്. സർക്കാർ പദ്ധതികൾക്ക് നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളായ ബാങ്ക് അക്കൗണ്ടും ആധാറും ഇപ്പോഴും ഭൂരിഭാഗം വരുന്ന പട്ടിണി പാവങ്ങൾക്കില്ല എന്നതാണ് യാഥാർഥ്യം. ഉത്പന്നങ്ങളുടെ വില കൂട്ടാതെ, അളവ് കുറച്ചു വിൽക്കുന്ന തന്ത്രത്തിലേക്കാണ് മിക്ക ഇന്ത്യൻ കമ്പനികളും നീങ്ങുന്നത്. അതുകൊണ്ടു ഡിമാൻഡ് കുറയുന്നില്ലെങ്കിലും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സാധനങ്ങളുടെ തൂക്കത്തിൽ കുറവുണ്ടാകും. പണപ്പെരുപ്പം കാരണം ഇന്ധനത്തിനും മരുന്നുകൾക്കുംവരെ വില കൂടിയിട്ടുണ്ട്.

രാജ്യത്തെ റീടെയിൽ പണപ്പെരുപ്പം ജൂണിൽ 7.01 ശതമാനമാണ്. മേയിൽ 7.04 ശതമാനമായിരുന്നു പണപ്പെരുപ്പം. പക്ഷേ, ആർ.ബി.ഐയുടെ ലക്ഷ്യമായ ആറ് ശതമാനത്തിൽ ഇത്തവണയും പണപ്പെരുപ്പം ഒതുങ്ങിയിട്ടില്ല. തുടർച്ചയായ ആറാം മാസമാണ് പണപ്പെരുപ്പം ആർ.ബി.ഐ ലക്ഷ്യത്തിന് പുറത്തേക്ക് പോകുന്നത്. ഇത് സമ്പദ്‍വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കുന്നുണ്ട്.

അതേസമയം, ഭക്ഷ്യവില സൂചിക ജൂണിൽ 7.75 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 7.97 ശതമാനമായിരുന്നു. കടുകെണ്ണയുടെ ഉൾപ്പടെ വില കുറഞ്ഞത് ഭക്ഷ്യവില സൂചികയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും പണപ്പെരുപ്പം ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ഉൽപന്ന വിലകൾ ഉയർന്നതോടെയാണ് പല രാജ്യങ്ങളിലും പണപ്പെരുപ്പം വർധിച്ചത്. റോയിട്ടേഴ്സിന്റെ സർവേ അനുസരിച്ച് ഈ വർഷം മുഴുവൻ ഇന്ത്യയുടെ പണപ്പെരുപ്പം ആർ.ബി.ഐ ലക്ഷ്യം ഭേദിക്കുമെന്നാണ് റിപ്പോർട്ട്.


Tags:    
News Summary - Inflation will have only a negligible impact on poverty in India: Nirmala Sitharaman quotes UNDP report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.