ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി 2026 മാർച്ചിൽ കുത്തനെ ഇടിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, വിലയിലെ സമ്മർദം ഉണ്ടായിട്ടും എൽ.എൻ.ജി ഇറക്കുമതി വർധിച്ചു. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
2026 മാർച്ചിൽ 18.9 ദശലക്ഷം മെട്രിക് ടൺ ആണ് ക്രൂഡ് ഇറക്കുമതി. 2025 മാർച്ചിലെ 22.8 ദശലക്ഷം മെട്രിക് ടണ്ണിനെ അപേക്ഷിച്ച് ഗണ്യമായ ഇടിവാണ് കാണിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോയതിന്റെ പ്രതിസന്ധി പൂർണ തോതിൽ നേരിട്ട ആദ്യത്തെ മാസമാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്.
ഇറക്കുമതി കുറഞ്ഞതോടെ രാജ്യത്തെ ക്രൂഡ് ഇറക്കുമതിക്ക് വന്ന ചെലവും ഗണ്യമായി കുറഞ്ഞു. മാർച്ചിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ചെലവിട്ടത് 11.7 ശതകോടി ഡോളറാണ്. മുൻ വർഷം ഇതേ കാലയളവിൽ 12.3 ശതകോടി ഡോളറായിരുന്നു ചെലവ്. ആഗോളതലത്തിൽ വില ഉയർന്നിട്ടും ഇറക്കുമതി ചെലവിൽ ഏകദേശം 4.9 ശതമാനത്തിന്റെ കുറവ് വന്നു. അതേസമയം, പ്രകൃതി വാതക ഉപഭോഗത്തിന്റെ കാര്യത്തിൽ വർധനയാണ് രേഖപ്പെടുത്തിയത്.
2026 മാർച്ചിൽ 7.2 ശതമാനം ഉയർന്ന് 5,727 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്ററാണ് ഉപഭോഗം. എൽ.പി.ജിയിലുള്ള ആശ്രിതത്വം കുറച്ച് പി.എൻ.ജിയിലേക്ക് മാറണമെന്ന നിർദേശം വന്നതോടെ മാർച്ചിൽ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതിയിൽ 20 ശതമാനത്തിലേറെ വർധനയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.