"ഫ്രീ ഉമർ ഖാലിദ് മുദ്രാവാക്യം വിളിച്ചോ?,അതിന്‍റെ അർത്ഥം എന്ത്?, ആരാണ് നിങ്ങൾക്ക് ഇതിന് പണം തന്നത്?" നീറ്റ് സമരക്കാരോട് ഗോവ പൊലീസിന്റെ 240 ചോദ്യങ്ങൾ

പനാജി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ ഗോവയിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിന് ഐക്യദാഢ്യം പ്രഖ്യാപിച്ച രണ്ട് വിദ്യാർഥികളെ ചോദ്യം ചെയ്യാൻ തയാറാക്കിയത് 240 ചോദ്യങ്ങളുള്ള വമ്പൻ ചോദ്യാവലി. ഡൽഹി ജന്തർമന്തറിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 24ന് മാപുസയിൽ നടന്ന പ്രതിഷേധത്തിൽ ഉമർ ഖാലിദിന് ഐക്യദാഢ്യം പ്രഖ്യാപിച്ച രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്യാനാണ് ഗോവ പൊലീസ് 240 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തയറാക്കിയത്. ‘ഫ്രീ ഉമർ ഖാലിദ്’ എന്ന മുദ്രാവാക്യം വിളിച്ചോ?, എങ്കിൽ എത്ര തവണ ആവർത്തിച്ചു?, മറ്റുള്ളവർ ഈ മുദ്രാവാക്യം ഏറ്റുപിടിച്ചോ?, ഫ്രീ ഉമർ ഖാലിദ് എന്ന വാക്കിന്റെ അർഥമെന്താണ്... തുടങ്ങിയ ചോദ്യങ്ങളാണ് ചോദ്യാവലിയിലെ പ്രധാന ഹൈലൈറ്റ്.

‘സിറ്റിസൺസ് ഓഫ് മാപുസ’ എന്ന പ്രാദേശിക സംഘടന നൽകിയ പരാതിയെ തുടർന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പുവരുത്തി ഈ ചോദ്യാവലി പൂരിപ്പിച്ചെടുത്തത്. സമരത്തിന് നേതൃത്വം നൽകിയത് ആര്, ബാനറുകൾക്കും പ്ലക്കാർഡുകൾക്കും പണം മുടക്കിയത് ആര്, ഏതെങ്കിലും വാട്സ്ആപ് അല്ലെങ്കിൽ ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗങ്ങളാണോ, ഫോൺ പരിശോധനക്ക് നൽകാൻ തയ്യാറാണോ തുടങ്ങിയ വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വിളിപ്പിച്ചതെന്നും, തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കുന്നതുവരെ ചോദ്യങ്ങൾ ചോദിക്കുന്നത് അന്വേഷണ പ്രക്രിയയുടെ ഭാഗമാണെന്നും നോർത്ത് ഗോവ എസ്.പി ഹരീഷ്ചന്ദ്ര മഡ്കൈക്കർ വ്യക്തമാക്കി.

അതേസമയം, നീറ്റ് സമരത്തിൽ ഉമർ ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തിയത് അപലപനീയമാണെന്നും, മതസൗഹാർദ്ദം തകർക്കാനും രാജ്യവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും സമരത്തിന്റെ വിഷയം മാറ്റാൻ ചിലർ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചിമിലെ ആസാദ് മൈതാനത്ത് ഫ്രീ ഉമർ ഖാലിദ് പ്ലക്കാർഡ് കൈയിൽ കരുതിയ ഒരാളെ ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രതിഷേധക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പുവരുത്തി 240 ചോദ്യങ്ങൾ അടങ്ങിയ വിശദമായ ചോദ്യാവലി പൂരിപ്പിച്ചെടുത്തത്.

Tags:    
News Summary - നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന വിദ്യാർഥി പ്രതിക്ഷോഭത്തിൽ ഉമർ ഖാലിദിന് ഐക്യദാഢ്യം പ്രഖ്യാപിച്ച രണ്ട് വിദ്യാർഥികളെ ചോദ്യം ചെയ്യാൻ 240 ചോദ്യങ്ങളുള്ള ചോദ്യാവലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.