ന്യൂഡൽഹി: ലോക്സഭയിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി എം.പി. ബി.ജെ.പി-ആർ.എസ്.എസ് സഖ്യം രാജ്യത്ത് എത്രത്തോളം വെറുപ്പും വിദ്വേഷവും അക്രമവും പ്രചരിപ്പിച്ചാലും സഹോദര്യത്തിലും ഒരുമയിലും അധിഷ്ഠിതമായ ഇന്ത്യയുടെ ആത്മാവിനെ മാറ്റാൻ കഴിയില്ലെന്ന് പ്രിയങ്ക വിമർശിച്ചു. പാർലമെന്റ് സമുച്ചയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
വസ്ത്രവും ചരിത്രവും ബി.ജെ.പിക്ക് മാറ്റാൻ സാധിച്ചേക്കും. എന്നാൽ രാജ്യത്തിന്റെ ആത്മാവിനെ ഒരിക്കലും മാറ്റാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജഴ്സി മാറ്റി കാവി നിറത്തിലുള്ള പുതിയ കിറ്റ് അവതരിപ്പിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
"അവർക്ക് യൂണിഫോം മാറ്റാം, പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കാം, അവർക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. എന്നാൽ ഇതേക്കുറിച്ച് രാജ്യത്തെ യുവാക്കൾ എന്താണ് ചിന്തിക്കുന്നതെന്ന് ജന്തർ മന്തറിൽ ഉയർന്ന പ്രതിഷേധ ശബ്ദങ്ങളിൽനിന്ന് വ്യക്തമാണ്," അവർ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നയിച്ച രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആർ.എസ്.എസ് ഒരിടത്തും ഉണ്ടായിരുന്നില്ലെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും യഥാർത്ഥ ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാത്തവർ പോലും ഇപ്പോൾ അത് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.
അടുത്ത മാസം ഹോളണ്ടിലും ബെൽജിയത്തിലുമായി നടക്കുന്ന എഫ്.ഐ.എച്ച് ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ പുരുഷ-വനിത ഹോക്കി ടീമുകളുടെ നീല ജഴ്സിക്ക് പകരം കാവി ജഴ്സി അവതരിപ്പിച്ചതാണ് വിവാദമായത്. ഈ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരൻ റസ്ക്വിൻഹ ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും എപ്പോഴും നീല നിറമായിരുന്നുവെന്നും, പെട്ടെന്ന് കാവി നിറത്തിലേക്ക് മാറിയതിന് പിന്നിലെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം 'എക്സിൽ' കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.