പട്ന: ഭക്ഷണം വിളമ്പാൻ വൈകിയതിനെത്തുടർന്നുള്ള തർക്കത്തിൽ ബിഹാറിലെ ജഹാനാബാദ് ജില്ലയിൽ 25 കാരിയായ യുവതിയെ ഭർത്താവിന്റെ സഹോദരൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവതിയുടെ തല അറുത്തെടുത്ത് വീടിന് സമീപമുള്ള ആൽമരത്തിൽ തൂക്കിയിടുകയും ചെയ്തു.
നാടിനെ നടുക്കിയ ഈ സംഭവം ബിഹാറിലെ പര്സ ബിഘ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇമാദ്പൂർ ഗ്രാമത്തിലാണ് നടന്നത്. ധർമേന്ദ്ര കുമാറിന്റെ ഭാര്യയായ അഷു ദേവി (25) ആണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവിന്റെ സഹോദരൻ കുനാൽ കുമാറിനെ ഗ്രാമവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവം നടന്ന സമയത്ത് കൊല്ലപ്പെട്ട അഷു ദേവി വീട്ടിൽ തനിച്ചായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളെല്ലാം നെല്ല് നടീൽ ജോലികൾക്കായി പാടത്തേക്ക് പോയ സമയത്താണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കുനാൽ കുമാർ ഭക്ഷണം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഭക്ഷണം വിളമ്പാൻ അല്പം വൈകിയതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ കുനാൽ കൈയിൽ കിട്ടിയ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അഷുവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഗ്രാമത്തിലൂടെ കടന്നുപോയ വഴിയാത്രക്കാരാണ് ഗ്രാമത്തിന് പുറത്തുള്ള ആൽമരത്തിന്റെ കൊമ്പിൽ യുവതിയുടെ അറുത്തെടുത്ത തല തൂക്കിയിട്ടിരിക്കുന്ന ഭീകരമായ കാഴ്ച ആദ്യം കണ്ടത്. ഇത് കണ്ട ഉടൻ തന്നെ നാട്ടുകാർ പരിഭ്രാന്തരാവുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പര്സ ബിഘ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ മൃതദേഹം കണ്ടെടുത്ത പൊലീസ് തുടർനടപടികൾക്കായി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഗ്രാമവാസികളുടെ സഹായത്തോടെ പ്രതി കുനാൽ കുമാറിനെ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഭക്ഷണം വിളമ്പാൻ വൈകിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മറ്റെന്തെങ്കിലും കാരണങ്ങൾ ഇതിനു പിന്നിലുണ്ടോ എന്നറിയാൻ എല്ലാ കോണുകളിൽ നിന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.