ശ്രീരാമന്റെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവർക്ക് ആ രാമന്റെ ക്ഷേത്രം തന്നെ കൊള്ളയടിക്കാൻ നാണമില്ലേ? -ഉദ്ധവ് താക്കറെ

മുംബൈ: തോർണ കോട്ട കീഴടക്കുമ്പോൾ ഛത്രപതി ശിവജി മഹാരാജിന് വയസ്സ് 17 മാത്രമായിരുന്നുവെന്നും അന്നത്തെ അദ്ദേഹത്തിന്റെ പ്രായത്തെ ഇന്നത്തെ ജെൻ സി തലമുറയോട് ഉപമിക്കാമെന്നും ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. അന്നത്തെ മുഗൾ ഭരണാധികാരികൾ ശിവജിയെ ‘ചുഹാ’ (എലി) എന്ന് വിളിച്ച് അധിക്ഷേപിച്ചതുപോലെയാണ് നിലവിലെ ഭരണാധികാരികൾ ഇന്നത്തെ യുവതലമുറയെ ‘പാറ്റകൾ’ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിൽ താക്കറെ കുടുംബത്തെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയിലേക്ക് നയിച്ച വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഉദ്ധവിന്റെ പരാമർശം.

പാറ്റകൾ എന്ന് അധിക്ഷേപിക്കപ്പെടുന്നവർ നമ്മൾ ജെൻ സി എന്ന് വിളിക്കുന്ന 13-14 വയസ്സു മുതൽ 27-28 വയസ്സു വരെയുള്ള യുവതലമുറയിൽപ്പെട്ടവരാണ്. 17-ാം വയസ്സിൽ തോർണ കോട്ട പിടിച്ചെടുക്കുമ്പോൾ ഛത്രപതി ശിവജി മഹാരാജിനും ഇതേ പ്രായമല്ലായിരുന്നോ? അന്ന് മുഗളന്മാരും അദ്ദേഹത്തെ എലിയെന്നാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെ അധിക്ഷേപിക്കാൻ ഉപയോഗിച്ച വാക്കിനെത്തന്നെ പേരായി സ്വീകരിച്ച്, 30കാരനായ അഭിജീത് ദിപ്കെ രൂപവത്കരിച്ച സറ്റയറിക്കൽ കൂട്ടായ്മയായ‘കോക്രോച്ച് ജനതാ പാർ’ യുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രമന്ത്രിക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധങ്ങൾ അരങ്ങേറിയത്.

തന്റെ പിതാവ് ബാൽ താക്കറെ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിലവിലെ കേന്ദ്ര ഭരണകൂടം അദ്ദേഹത്തെയും ‘ഹിന്ദുവിരുദ്ധൻ’ എന്ന് മുദ്ര കുത്തുമായിരുന്നുവെന്ന് ഉദ്ധവ് പറഞ്ഞു. ‘താക്കറെ കുടുംബത്തെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യം വേണം. മതം കൊണ്ടല്ല ഒരാൾ മനുഷ്യനാകുന്നത്. മനുഷ്യത്വമാണ് മതം എന്ന് ബാൽ താക്കറെ തന്റെ നിരവധി പ്രസംഗങ്ങളിൽ പറഞ്ഞിട്ടുള്ളത് എനിക്ക് കാണിച്ചു തരാൻ സാധിക്കും’ - അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ആയുധമാക്കുന്നവരെ രൂക്ഷമായി വിമർശിച്ച ഉദ്ദവ് താക്കറെ, ഏത് ശ്രീരാമന്റെ പേര് പറഞ്ഞാണോ നിങ്ങൾ അധികാരത്തിലെത്തിയത്, ആ രാമന്റെ ക്ഷേത്രം തന്നെ കൊള്ളയടിക്കാൻ നിങ്ങൾക്ക് നാണമില്ലേ?’ എന്നും ചോദിച്ചു.

Tags:    
News Summary - രാമക്ഷേത്രം കൊള്ളയടിക്കാൻ നാണമില്ലേ - ഉദ്ധവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.