സിജെപി പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് യു.ജി 2026 പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതൃത്വത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ക്രിമിനലുകളാക്കി മുദ്രകുത്താൻ കേന്ദ്രസർക്കാർ നീക്കം. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ക്രിമിനലുകളും ഉണ്ടെന്നാണ് കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചത്. ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (എഫ്.ആർ.എസ്) വഴിയാണ് ക്രിമിനലുകളെ തിരിച്ചറിഞ്ഞതെന്നും കേന്ദ്രസർക്കാർ പറയുന്നു.
പ്രതിഷേധ സ്ഥലത്ത് സ്ഥാപിച്ച എഫ്.ആർ.എസ് വാഹനങ്ങൾ ലൈവ് മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ ജനക്കൂട്ടത്തെ നിരീക്ഷിച്ചു. എഫ്.ആർ.എസ് വഴി 2873 ക്രിമിനലുകളെ തിരിച്ചറിഞ്ഞു. 2,873 പേരിൽ 989 പേർക്കെതിരെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, പോക്സോ നിയമപ്രകാരമുള്ള കേസുകൾ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുണ്ടെന്നും സർക്കാർ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ക്രൈം ഡാറ്റാബേസുകളിലെ രേഖകളിൽനിന്നാണ് വിവരം ലഭിച്ചതെന്നും ഇവരിൽ ആരെങ്കിലും പ്രതിഷേധത്തിനിടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് ഡൽഹി പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും രേഖയിൽ പറയുന്നു.
ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് വ്യാപക നിരീക്ഷണത്തിനായി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് ഡൽഹി പൊലീസ് പറയുന്നു. സുരക്ഷ ഉറപ്പാക്കുക, ഒളിവിൽ കഴിയുന്ന പ്രതികളെയും പതിവ് കുറ്റവാളികളെയും കണ്ടെത്തുക എന്നിവയാണ് സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് വിശദീകരണം.
കഴിഞ്ഞദിവസം, ചോദ്യപേപ്പർ ചോർച്ചക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങൾക്കിടെ അറസ്റ്റിലാവുകയോ തടങ്കലിലാക്കപ്പെടുകയോ ചെയ്ത വിദ്യാർഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഉയർന്ന തലത്തിലുള്ള അന്വേഷണം ആവശ്യമുള്ള വിഷയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.