മല്ലികാർജുൻ ഖാർഗെ

'അമിത് ഷായുടെ വായ തുന്നിക്കെട്ടിയോ?'; പാർലമെന്റിൽ ചോദ്യവുമായി ഖാർഗെ, 'അൺപാർലമെന്ററി'യെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ മാർച്ചിലെ പൊലീസ് നടപടിയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൗനത്തെ ചോദ്യം ചെയ്ത് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റിൽ പേപ്പർ ചോർച്ച വിരുദ്ധ ബിൽ അവതരിപ്പിച്ച വേളയിലാണ് ഖാർഗെയുടെ രൂക്ഷമായ വിമർശനം. ആഭ്യന്തരമന്ത്രിയുടെ തുടർച്ചയായ മൗനത്തെ വിമർശിച്ച അദ്ദേഹം, ആരെങ്കിലും അമിത് ഷായുടെ വായ തുന്നിക്കെട്ടിയിരിക്കുകയാണോ എന്ന് പരിഹസിച്ചു.

രാജ്യതലസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും നേരെ നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും സഭയിൽ മറുപടി പറയണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഗ്രാമങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ തേടി എത്തിയ കുട്ടികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതായും പലർക്കും ഗുരുതര പരിക്കേറ്റതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രിക്കാണെന്നും എന്നാൽ അദ്ദേഹം സുരക്ഷിതമായ മുറിക്കുള്ളിൽ ഒളിച്ചിരിക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

എന്നാൽ, ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷ അംഗങ്ങൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ജെ.പി നദ്ദ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഖാർഗെയുടെ പ്രസ്താവന സഭയ്ക്ക് നിരക്കാത്തതും 'അൺപാർലമെന്ററി'യുമാണെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് സംസാരിച്ച ഖാർഗെ, താൻ ഉപയോഗിച്ചത് ജനശക്തിയെക്കുറിച്ചാണെന്നും ഭരണഘടനാനുസൃതമായ പ്രതിഷേധങ്ങളെയാണ് സൂചിപ്പിച്ചതെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ സർക്കാരിനെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിശബ്ദത കുറ്റസമ്മതത്തിന് തുല്യമാണെന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.

ഇതിനിടയിൽ, രാജ്യസഭയിൽ പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്ക് വന്നു. ലോക്സഭയുടെ പാസാക്കലിന് ശേഷം വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച പബ്ലിക് എക്സാമിനേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) അമൻഡ്മെന്റ് ബിൽ, 2026 നെതിരെയും ഖാർഗെ കടുത്ത നിലപാടെടുത്തു. സർക്കാരിന്റെ പുതിയ ഭേദഗതികൾ വെറുമൊരു കണ്ണിൽ പൊടിപ്പിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

പഴയ നിയമത്തിലെ ചില ഡാറ്റകൾ മാറ്റിയെഴുതുക മാത്രമാണ് ഇതിൽ ചെയ്തിട്ടുള്ളതെന്നും, കർശനമായ ശിക്ഷാവിധികൾ കൊണ്ട് മാത്രം പേപ്പർ ചോർച്ച തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻതുക പിഴയും പ്രത്യേക ടാസ്ക് ഫോഴ്സും ഫാസ്റ്റ് ട്രാക്ക് കോടതികളും ഉണ്ടാക്കിയതുകൊണ്ട് മാത്രം പരീക്ഷാ ക്രമക്കേടുകൾ അവസാനിക്കില്ല. യഥാർത്ഥ മാറ്റം വരേണടത് പരീക്ഷാ നടത്തിപ്പ് രീതികളിലാണെന്നും, വർഷങ്ങൾക്ക് മുൻപ് തന്നെ കടുത്ത നിയമങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നുവെന്നും ഖാർഗെ സഭയിൽ ഓർമ്മിപ്പിച്ചു. ആഭ്യന്തരമന്ത്രിയുടെ അസാന്നിധ്യവും ജനകീയ പ്രശ്നങ്ങളിലെ മൗനവും സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് കടുപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - 'അമിത് ഷായുടെ വായ തുന്നിക്കെട്ടിയോ?'; പാർലമെന്റിൽ ചോദ്യവുമായി ഖാർഗെ, 'അൺപാർലമെന്ററി'യെന്ന് ജെ.പി നദ്ദ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.