പിടിച്ചെടുത്ത സ്വർണവും പണവും

മുൻ ബസ് ഡ്രൈവറുടെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്തത് 28.5 കോടി രൂപയും 15 കിലോ സ്വർണവും; നോട്ട് എണ്ണിയെണ്ണി അഞ്ച് കൗണ്ടിങ് മെഷീനുകൾ തകരാറിലായെന്ന് പൊലീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ വിരമിച്ച സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 28 കോടിയിലേറെ രൂപയും 15 കിലോ സ്വർണവും പിടിച്ചെടുത്തു. ദെയൂച്ച ഗ്രാമത്തിലെ മിനാർ മൊണ്ഡലിന്റെ വീട്ടിൽ 15 മണിക്കൂറിലധികം നടത്തിയ പരിശോധനയിൽ 28.5 കോടി രൂപയും 14 സ്വർണക്കട്ടികളും 10 സ്വർണ ബിസ്ക്കറ്റുകളുമുൾപ്പെടെ 15 കിലോഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്. കണ്ടെടുത്ത സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 21.5 കോടി രൂപ വരും.

ബാങ്കിൽ നിന്ന് നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചാണ് പൊലീസ് തുക എണ്ണി തിട്ടപ്പെടുത്തിയത്. ഇത്രയും തുക എണ്ണാൻ കൊണ്ടുവന്ന അഞ്ച് കറൻസി കൗണ്ടിങ് മെഷീനുകൾ പ്രവർത്തനരഹിതമായതായും പൊലീസ് പറയുന്നു. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിന്റെ അടുത്ത അനുയായിയാണ് മിനാർ മൊണ്ഡൽ. കൂടാതെ പ്രദേശത്തെ പ്രമുഖ വ്യവസായി തുലു മണ്ഡലിന്റെ ബന്ധുവും മാനേജരുമാണ് ഇയാൾ. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം, ദെയൂച്ചയിലെ പ്രധാന ടോൾ ഗേറ്റിൽ ട്രക്കുകളിൽ നിന്ന് പണം പിരിക്കുന്ന ചുമതല തുലു മണ്ഡൽ മിനാറിനാണ് നൽകിയിരുന്നത്.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് പൊലീസ് പരിശോധന ആരംഭിച്ചത്. ഇയാളുടെ രണ്ട് നില വീട് വളഞ്ഞായിരുന്നു പൊലീസ് റെയ്ഡ്. റെയ്ഡിന് പിന്നാലെ മിനാറിനെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണവും സ്വർണവും തുലു മൊണ്ഡലിന്റെ അനധികൃത സ്വത്താണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കല്ല് ഖനനം, ക്രഷർ യൂണിറ്റുകൾ, മണൽ കടത്ത് തുടങ്ങിയ അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പണമാണോ ഇതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

അതേസമയം, റെയ്ഡിന് പിന്നാലെ പശ്ചിമബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദത്തിനും തുടക്കമായി. പ്രതിക്ക് അനുബ്രത മൊണ്ഡാലുമായുള്ള ബന്ധത്തിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ് മമത ബാനർജി വിഭാഗവും ഋതബ്രത ബാനർജി വിഭാഗവും ഏറ്റുമുട്ടി. പിടിച്ചെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും പേരിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ അഴിച്ചുവിട്ടു.  

Tags:    
News Summary - ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്തത് 28 കോടി രൂപയും 15 കിലോ സ്വർണവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.