ന്യൂഡൽഹി: ജനവിധി തേടാതെ ആറുമാസത്തിലധികം കാബിനറ്റ് പദവിയിൽ തുടർന്ന ബിഹാർ പഞ്ചായത്തീരാജ് മന്ത്രി ദീപക് പ്രകാശിന്റെ നിയമനത്തെ ചോദ്യംചെയ്ത് സുപ്രീംകോടതി. സംഭവത്തിൽ വിശദീകരണം തേടി സുപ്രീംകോടതി ബിഹാർ സർക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. "ജനങ്ങൾ തിരഞ്ഞെടുക്കാതെ ആറുമാസത്തിലധികം ഒരാൾ എങ്ങിനെയാണ് മന്ത്രിയായി സർക്കാറിൽ തുടരുക" -എന്ന് ബിഹാർ സർക്കാറിനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇതൊരു പൂർണ നിയമപ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ 164(4) വകുപ്പ് അനുസരിച്ച് ജനപ്രതിനിധിയാകാതെ അഞ്ചുമാസത്തോളം ഒരാൾക്ക് മന്ത്രിയായി തുടരാം. എന്നാൽ, ആറുമാസത്തിനുള്ളിൽ മത്സരിച്ച് ജനങ്ങളാൽ തുടരുകയും വേണം എന്നതാണ് നിയമം. ദീപക് പ്രകാശ് രാജിവെച്ച ശേഷം വീണ്ടും അതേ പദവിയിൽ തിരിച്ചെത്തി കാലാവധി ആറുമാസം പിന്നിട്ടത് ഭരണഘടനാപരമായ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ജനപ്രതിനിധിയല്ലാത്ത ഒരാൾക്ക് മന്ത്രിയാകാൻ ഭരണഘടന അനുശാസിക്കുന്ന ഇളവ് സമയം ഒന്നിലധികം തവണ വീതിച്ചു ഉപയോഗിക്കാനാകുമോ എന്നതിലാണ് ഇനി സുപ്രീംകോടതി തീർപ്പുകൽപ്പിക്കുക.
മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മന്ത്രിസഭയിൽ നാലുമാസവും 26 ദിവസവുമാണ് ദീപക് പ്രകാശ് പഞ്ചായത്തീരാജ് മന്ത്രിയായിരുന്നത്. ഏപ്രിൽ 15ന് നിതീഷ് കുമാർ രാജിവെച്ചതോടെ പ്രകാശിന്റെ മന്ത്രിസ്ഥാനവും നഷ്ടമായി. തുടർന്ന് 22 ദിവസത്തെ ഇടവേളക്കുശേഷം മേയ് ഏഴിന് സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ദീപക് പ്രകാശ് വീണ്ടും ജനവിധി തേടാതെ തന്നെ മന്ത്രിയാക്കുകയായിരുന്നു.
തുടർച്ചയായി ആറുമാസത്തിലധികം നിയമസഭയിലോ കൗൺസിലിലോ അംഗമല്ലാത്ത വ്യക്തിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ദീപക് പ്രകാശിന്റെ രണ്ട് ഭരണകാലയളവുകളും എടുത്താൽ ആറുമാസം തികഞ്ഞിട്ടില്ലെങ്കിലും, ആകെ സമയപരിധി ആറുമാസത്തിലധികമായിട്ടുണ്ട്. ഭരണഘടനയെ വഞ്ചിച്ച് അധികാരത്തിൽ തുടരാൻ നടത്തിയ ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി മേയ് 30നാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.