ന്യൂഡൽഹി: പേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാറിന് പ്രശംസയുമായി ആക്ടിവിസ്റ്റ് സോനം വാങ്ചുക്. ഇന്ത‍്യയിലെ വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിന്‍റെ ആദ്യത്തെ ചുവടുവെപ്പാണിതെന്നും തനിക്ക് ഏറെ സന്തോഷമുണ്ടെന്നും വാങ്ചുക്ക് അറിയിച്ചു. പരീക്ഷാ പരിഷ്കാരങ്ങൾ സംബന്ധിച്ച ഒരു ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയിലെ വിശാലമായ പരിഷ്കാരങ്ങളിലേക്ക് നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിദ്യാർഥികൾക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്ന ചീഫ് ജസ്റ്റിസുമായുള്ള ധാരണ സർക്കാർ മാനിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു എന്ന് സോനം വാങ്ചുക്ക് അറിയിച്ചു. അതേ സമയം നീറ്റ്-യുജി പേപ്പർ ചോർച്ച വിവാദത്തെതുടർന്ന് സി.ജെ.പിക്കും വിദ്യാർഥികൾക്കും നൽകിയ രേഖാമൂലമുള്ള ഉറപ്പുകൾ മാനിക്കണമെന്നും വാങ്ചുക്ക് കേന്ദ്രത്തോട് അവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ കേസെടുക്കരുതെന്നും യുവാക്കളുടെ വിശ്വാസത്തെ മാനിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം പരീക്ഷാ പേപ്പർ ചോർച്ചക്ക് പിന്നിലെ ഘടനാപരമായയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിയമനിർമാണം പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പേപ്പർ ചോർച്ചക്ക് ശേഷമുള്ള ശിക്ഷാ നടപടികളിലാണ് ബിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇത് തടയാന്‍ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കോച്ചിങ് സെന്‍ററുകൾ നിയന്ത്രിക്കുക. എന്‍.ടി.എ, എസ്.എസ്.സി എന്നിവ മെച്ചപ്പെടുത്തുക. സുതാര്യത വർധിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ബില്ലിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ ലോക്സഭയിൽ പാസായി. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി.
പൊതുപരീക്ഷ (അന്യായ മാർഗങ്ങളുടെ തടയൽ) ഭേദഗതി ബിൽ 2026 കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് സഭയിൽ അവതരിപ്പിച്ചത്. അന്യായ മാർഗങ്ങൾ സംബന്ധിച്ച കുറ്റത്തിന് നിലവിൽ മൂന്നുമുതൽ അഞ്ചുവർഷംവരെയാണ് തടവുശിക്ഷ. ഇത് അഞ്ചുമുതൽ പത്തുവർഷം വരെയായി ഉയർത്തും. പിഴ 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ വരെയാക്കും. പരീക്ഷ നടത്തിപ്പിന്റെ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടി രൂപയിൽ നിന്ന് അഞ്ചുകോടിയാക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് പൊതുപരീക്ഷകളുടെ ചുമതലയിൽനിന്നുള്ള വിലക്കിന്റെ കാലാവധി നാലിൽ നിന്ന് എട്ടു വർഷമായി ഉയർത്തും. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം.
സംഘടിത പരീക്ഷാ ക്രമക്കേടുകൾ നടത്തുന്നവർക്ക് നിലവിലെ മൂന്നു വർഷത്തെ തടവ് അഞ്ചു വർഷമായും ഒരു കോടി രൂപ പിഴ അഞ്ചു കോടിയായും ഉയർത്തും. സംഘടിത കുറ്റകൃത്യങ്ങൾക്ക് പരമാവധി തടവ് അഞ്ചുവർഷത്തിൽ നിന്ന് ഏഴു വർഷമായും പിഴ ഒരു കോടിയിൽ നിന്ന് പത്തുകോടിയായും ഉയർത്തും. ചോദ്യപേപ്പർ ചോർത്തൽ, ഒ.എം.ആർ ഷീറ്റുകളിൽ തിരിമറി ചെയ്യൽ, വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കൽ, വ്യാജ അഡ്മിറ്റ് കാർഡുകൾ നൽകൽ എന്നിവ ഉൾപ്പെടെ 15 നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് കുറ്റകൃത്യങ്ങളായി കരട് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.