തലമുടി മുറിച്ച് ദാനം ചെയ്യുന്നതും അതുവഴി പണമുണ്ടാക്കുന്നതും പൊതുവേ കണ്ടു വരുന്ന ഒന്നാണ്. എന്നാൽ കൊഴിഞ്ഞു പോകുന്ന മുടി നാരുകൾ വിറ്റ് പണം സമ്പാദിക്കുന്നത് കേട്ടിട്ടുണ്ടോ? മുടി മുറിക്കാതെ ചീകുമ്പോൾ കൊഴിഞ്ഞു വീഴുന്ന മുടികൾ ശേഖരിച്ച് അതിലൂടെ വരുമാനം കണ്ടെത്തുന്ന വിദ്യ പരിചയപ്പെടുത്തി വൈറലായിരിക്കുകയാണ് ഇൻസ്റ്റഗ്രാം താരം പൂജാരിണു പ്രധാൻ.
കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും പൂജാരിണിയുടെ ഗ്രാമത്തിൽ ഇത് കാലങ്ങളായി നിലനിന്നു പോരുന്ന ഒന്നാണ്. തന്റെ ഇൻസ്റ്റാഗ്രാം വിഡിയോയിലാണ് ഗ്രാമത്തിലെ ഹെയർ ബിസിനസിനെ കുറിച്ച് പൂജാരിണി വിശദീകരിച്ചത്. ഓരോ തവണയും മുടി ചീകുമ്പോൾ സ്വാഭാവികമായി കൊഴിഞ്ഞു പോകുന്ന മുടികൾ വലിച്ചെറിയുന്നതിന് പകരം അവ ശേഖരിച്ചു വെക്കും. ഇങ്ങനെ മാസങ്ങളോളം ശേഖരിച്ച് വെച്ച മുടികൾ ഒരുമിച്ച് വിറ്റാണ് പണം സമ്പാദിക്കുന്നത്. ഇത് ഗ്രാമത്തിലെ സ്ത്രീകൾക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കുവാൻ സഹായിക്കുമെന്ന് പൂജാരിണി പറഞ്ഞു.
ഗ്രാമത്തിലെത്തുന്ന കച്ചവടക്കാരാണ് ഇത്തരത്തിലുള്ള മുടികൾ ശേഖരിക്കുന്നത്. മുടിയുടെ നിറമനുസരിച്ച് പൈസയിൽ വ്യത്യാസമുണ്ട്. കറുത്ത മുടിക്കാണ് ഏറ്റവും കൂടുതൽ പണം ലഭിക്കുക. നരച്ച മുടിക്ക് ലഭിക്കുന്ന പണം കറുത്ത മുടിയെ അപേക്ഷിച്ച് കുറവായിരിക്കും. മോശം ജീവിത സാഹചര്യത്തിലും ഗ്രാമത്തിലെ സ്ത്രീകൾ സ്വന്തമായി കണ്ടെത്തുന്ന വരുമാനമാണ് ഇതെന്നും പൂജാരിണി പറഞ്ഞു.
നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പൂജാരിണിയുടെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കൃത്രിമ വിഗ്ഗുകൾ നിർമിക്കുന്നതിനും ഹെയർ എക്സ്റ്റൻഷനും വേണ്ടിയാണ് ഗ്രാമത്തിൽ നിന്നും ശേഖരിക്കുന്ന മുടി ഉപയോഗിക്കുന്നത്. അതിജീവനത്തിനായി ഇന്ത്യയിലെ ഗ്രാമീണർ കണ്ടെത്തുന്ന ഇത്തരം വഴികൾ നഗരവാസികൾക്ക് എന്നും ഒരു വിസ്മയം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.