ബംഗളൂരു: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ പങ്കാളിയായത് 'ഇന്ത്യയുടെ കണ്ണ്' എന്ന വിശേഷിപ്പിക്കുന്ന അതിനൂതന ഉപഗ്രഹമായ കാർട്ടോസ്റ്റാറ്റും. തീവ്രവാദികളെയും അവരുടെ പരിശീലന കേന്ദ്രങ്ങളെയും നിരീക്ഷിച്ച് ചിത്രങ്ങൾ ശേഖരിച്ചത് ഐ.എസ്.ആർ.ഒ വിക്ഷേപിച്ച കാർട്ടോസ്റ്റാറ്റ് ശ്രേണിയിലെ 2-സി ഉപഗ്രഹം ഉപയോഗിച്ചാണ്. 'ആകാശത്തിലെ ഇന്ത്യയുടെ കണ്ണ്' എന്നാണ് കാർട്ടോസ്റ്റാറ്റ് ഉപഗ്രഹം അറിയപ്പെടുന്നത്.
മിന്നലാക്രമണം നടത്തുന്നതിന് സേനക്ക് ആവശ്യമായ ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയതായി ഐ.എസ്.ആർ.ഒ വൃത്തങ്ങളാണ് അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ച മുതൽ വിവിധ തലത്തിലുള്ള ചിത്രങ്ങൾ ശേഖരിച്ചിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് സ്ഥലങ്ങളെ കുറിച്ചുള്ള കൃത്യമായ നിഗമനത്തിൽ എത്തിയതെന്നും ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രാജ്യസുരക്ഷയുടെ ഭാഗമായ ഭൗമ നിരീക്ഷണത്തിനാണ് ഐ.എസ്.ആര്‍.ഒ കാർട്ടോസ്റ്റാറ്റ് ശ്രേണിയിലെ ഉപഗ്രഹങ്ങൾ വികസിപ്പിച്ചതും വിക്ഷേപിച്ചതും. ഈ ശ്രേണിയിലെ നാലാമത്തെ ഉപഗ്രഹമായ കാർട്ടോസ്റ്റാറ്റ് 2 സി 2016 ജൂണ്‍ 22നാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്ളിന്‍റെ (പി.എസ്.എല്‍.വി സി-34) സഹായത്തോടെ ഭ്രമണപഥത്തിൽ എത്തിച്ചത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ഉപഗ്രഹം വികസിപ്പിച്ചത്.
കാര്‍ട്ടോസാറ്റ്-2 (2007 ജനുവരി 10), കാര്‍ട്ടോസാറ്റ്-2 എ (2008 ഏപ്രിൽ 28), കാര്‍ട്ടോസാറ്റ്-2 ബി (2010 ജൂലൈ 12) എന്നിവയാണ് മുമ്പ് വിക്ഷേപിച്ചവ. ഈ ശ്രേണിയില്‍ മുമ്പ് വിക്ഷേപിച്ചതിനെക്കാള്‍ മൂന്നോ നാലോ മടങ്ങ് ശേഷിയുള്ളതാണ് കാർട്ടോസ്റ്റാറ്റ് 2 സി. 725.5 കിലോ തൂക്കമുള്ള ഉപഗ്രഹത്തിന് ബഹിരാകാശത്തു നിന്ന് ഭൂമിയെ നിരീക്ഷിക്കുകയാണ് പ്രഥമ ദൗത്യം. അയല്‍രാജ്യങ്ങളിലെ സൈനിക നീക്കങ്ങളും മിസൈല്‍ പരീക്ഷണങ്ങളുമെല്ലാം ഇതുവഴി അറിയാനാകും.
ശക്തിയേറിയ പാന്‍ക്രോമറ്റിക് കാമറ ഉപയോഗിച്ച് 600 കിലോമീറ്റര്‍ പരിധിയിലെ സൂക്ഷ്മമായ ചിത്രങ്ങളും വിഡിയോയും ഉപഗ്രഹം അയക്കും. കാലാവസ്ഥാ വിശകലനത്തിനും ഇൗ ഉപഗ്രഹം സഹായകമാകും. അടുത്ത വര്‍ഷം കാര്‍ട്ടോസാറ്റ്-2 ശ്രേണിയിലെ മൂന്ന് ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കാൻ ഐ.എസ്.ആര്‍.ഒക്ക് പദ്ധതിയുണ്ട്. ഇന്ത്യ കൂടാതെ സൈനിക ആവശ്യത്തിന് ഉപഗ്രഹത്തെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളാണ് അമേരിക്കയും ചൈനയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.