ന്യൂഡൽഹി: സിഖ് മതാചാര്യൻ ഗുരു നാനാക്കുമായി ബന്ധപ്പെട്ട പാകിസ്താനിലെ നങ്കണ സാഹിബും മറ്റു പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്ന ഇന്ത്യൻ തീർഥാടകരെ കാണുന്നതിൽനിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ തടയുന്നതിൽ പാകിസ്താനെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.
തീർഥാടകരുമായി ബന്ധപ്പെടുന്നതിനും ചുമതല നിർവഹിക്കുന്നതിനും നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ പറഞ്ഞുവന്ന പാകിസ്താൻ ഇപ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പാകിസ്താെൻറ ഭാഗമായ പഞ്ചാബിലെ കർതാപുരിലുള്ള സിഖ് ഗുരുദ്വാര സന്ദർശിക്കുന്നതിന് തീർഥാടകർക്കായി അതിർത്തി ഇടനാഴി തുറക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. തീർഥാടന കാലത്ത് വർഗീയ അസ്വസ്ഥതയും അസഹിഷ്ണുതയും പാകിസ്താൻ ഇന്ത്യക്കാരോട് കാട്ടുന്നുവെന്ന റിപ്പോർട്ടുകളിൽ വിദേശകാര്യ മന്ത്രാലയം ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഇന്ത്യയിൽനിന്നുള്ള 3700 സിഖ് തീർഥാടകർക്ക് നങ്കണ സാഹിബിലും ഗുരുദ്വാര സച്ചാ സൗദയിലും മറ്റും പോകാൻ പാകിസ്താൻ വിസ അനുവദിച്ചിട്ടുണ്ട്. കല്യാർ ശരീഫിലേക്കുള്ള പാകിസ്താനി തീർഥാടകരെ കാണാൻ പാക് നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇന്ത്യ അനുമതി നൽകുന്നതിനു വിരുദ്ധമായ പെരുമാറ്റമാണ് പാകിസ്താൻ കാണിക്കുന്നതെന്ന് സർക്കാർ കുറ്റപ്പെടുത്തി. 1972ലെ സിംല കരാറിനു വിരുദ്ധമായ പെരുമാറ്റമാണ് പാകിസ്താനിൽനിന്ന് ഉണ്ടാകുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.