ചെന്നൈ: ട്രെയിൻ യാത്രക്കാരന് ചായ ലഭിച്ചില്ല. സംഭവം പരാതിയായതോടെ കാറ്ററിംഗ് കരാറുകാരന് 5000രൂപ പിഴ ചുമത്തി. തുരന്തോ എക്സ്പ്രസിലെ യാത്രക്കാരനാണ് ചായ ലഭിക്കാതിരുന്നത്. വീഴ്ച വരുത്തിയ കാറ്ററിംഗ് കരാർ കമ്പനിക്കെതിരെ നടപടിയെടുത്തിരിക്കയാണ് റെയിൽവേ. ചെന്നൈ - ഹസ്രത്ത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്സിലെ യാത്രക്കാരനും പാലക്കാട് സ്വദേശിയുമായ ആർ.കെ. ഉണ്ണികൃഷ്ണന്റെ പരാതിയെ തുടർന്നാണ് നടപടി.
തുരന്തോ എക്സ്പ്രസിൽ യാത്രയ്ക്കിടെ രാവിലെ ചായ നൽകിയില്ലെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ പ്രശ്നം പുറത്തുവന്നത്. തുരന്തോ എക്സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളിൽ ചായയോ കാപ്പിയോ കാറ്ററിംഗ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരിൽ നിന്ന് ഇതിനായി പണം ഈടാക്കും. പരാതി പരിശോധിച്ചപ്പോൾ അംഗീകൃത കാറ്ററിംഗ് പ്ലാൻ അനുസരിച്ച് സേവനം നൽകുന്നതിൽ കാറ്ററിംഗ് കമ്പനി പരാജയപ്പെട്ടുവെന്ന് കണ്ടെത്തി.
ഉണ്ണികൃഷ്ണൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സംഭവത്തിൽ വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്ന് കാറ്ററിംഗ് കരാറുകാരനിൽ നിന്ന് 5000 രൂപ പിഴയായി ഈടാക്കാൻ ഐ.ആർ.സി.ടി.സി തീരുമാനിച്ചതായി അറിയിച്ചത്.
കാറ്ററിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ വൻകിട സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്ന കേന്ദ്ര സർക്കാർ നയമാണ് ഇത്തരം വീഴ്ചകൾക്ക് പ്രധാന കാരണമെന്ന് പറയുന്നവർ ഏറെയാണ്.
യാത്രക്കാരുടെ സൗകര്യങ്ങൾക്കും താല്പര്യങ്ങൾക്കും പ്രധാന്യം കൊടുക്കേണ്ടതിന് പകരം ലാഭം മാത്രം ലക്ഷ്യമിട്ടാണ് ഈ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം നവംബർ എട്ടിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. പത്ത് ദിവസത്തിന് ശേഷം പിഴ ചുമത്തിയെന്നാണ് റെയിൽവേ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.