ആമിർ ഖാൻ മുത്തഖി, എസ് ജയശങ്കർ 

കാബൂളിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു; നാല് വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടി

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ച് കേന്ദ്ര സർക്കാർ. അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിനിടെ വിദേശ്യകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ചർച്ചയിലാണ് കാബൂളിലെ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ധാരണയായത്.

യു.എസ് പിൻവാങ്ങിയതിന് പിന്നാലെ 2021ൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതോടെയാണ് ഇന്ത്യൻ സർക്കാർ എംബസിയും കോൺസുലേറ്റുകളും അടച്ചുപൂട്ടിയത്. തുടർന്ന് സാങ്കേതിക കാര്യങ്ങൾക്ക് മാത്രമായി എംബസിയുടെ പ്രവർത്തനം പരിമിതപ്പെടുത്തി. നാല് വർഷത്തിന് ശേഷം മുത്തഖിയുടെ സന്ദർശനത്തോടെയാണ് അഫ്ഗാനിസ്താൻ-ഇന്ത്യ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.

താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും നിലവിൽ ബന്ധം വഷളായ പാകിസ്താനിനിടയിൽ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. കാബൂളിൽ ഇന്ത്യ എംബസി വീണ്ടും തുറക്കുമെന്നും ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തുന്നതിൽ മുത്തഖിയുടെ സന്ദർശനം സുപ്രധാന ചുവടുവെപ്പാണെന്നും കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ മുമ്പ് വ്യക്തമാക്കിയിരുന്നു.

2001ലെ അമേരിക്കൻ അധിനിവേശത്തെ തുടർന്നുള്ള കാലഘട്ടത്തിൽ കാബൂളിലെ ഭരണനേതൃത്വങ്ങളുമായി ഇന്ത്യ അടുത്ത ബന്ധം പുലർത്തുകയും അടിസ്ഥാന സൗകര്യവികസനത്തിൽ പ്രസ്താവ്യമായ പങ്ക് വഹിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, 2021ൽ താലിബാൻ കാബൂൾ തിരിച്ചു പിടിക്കുകയും നാറ്റോ സൈന്യം പൂർണമായി അഫ്ഗാനിസ്താനിൽ നിന്ന് പിന്മാറുകയും ചെയ്തതിൽ പിന്നെ താലിബാൻ ഭരണത്തിലിരിക്കുന്ന അഫ്ഗാനിസ്താന്റെ നേരെ സമ്പൂർണ ഉപരോധമാണ് ലോകതലത്തിൽ നിലനിൽക്കുന്നത്.

തുടക്കത്തിൽ രാജ്യത്തിന്റെ ചില ഭാഗങ്ങൾ താലിബാൻവിരുദ്ധ വടക്കൻ സഖ്യത്തിന്റെ പിടിയിലായിരുന്നെങ്കിലും പ്രതിയോഗികളെ പൂർണമായി തുരത്തി രാജ്യഭരണം സ്വന്തമാക്കാൻ താലിബാന് സാധിച്ചതോടെ കടുത്ത യാഥാസ്ഥിതിക പ്രതിലോമ പ്രതിച്ഛായ നിലനിർത്തിക്കൊണ്ടു തന്നെ റഷ്യയടക്കമുള്ള ചില ശക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിൽ അഫ്ഗാൻ വിജയിച്ചു.

ഇസ്‍ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രി മുല്ലാ ഹസൻ അഖൂന്ദിന്റെ നേതൃത്വത്തിൽ സാർവദേശീയ ഉപരോധങ്ങളെ മറികടന്ന് രാജ്യത്തെ സാമ്പത്തിക-വ്യവസായിക-വിദ്യാഭ്യാസ രംഗങ്ങളിൽ സാവകാശം കരകയറ്റാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. അതേസമയം, ജനസംഖ്യയുടെ പകുതി വരുന്ന വനിതകളുടെ വിദ്യാഭ്യാസപരമായ വികാസം തടസ്സപ്പെടുത്തുന്നതിലും അവക്ക് മുന്നിൽ സർക്കാർ ജോലികളടക്കം തൊഴിൽ മേഖലയാകെ കൊട്ടിയടക്കുന്നതിലുമുള്ള കുപ്രസിദ്ധി യു.എൻ ഉപരോധം തുടരാൻ കാരണമായത്.

Tags:    
News Summary - India upgrades its Technical Mission in Afghanistan to Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.