ബി.ജെ.പിക്കെതിരെ 'ഇന്ത്യ' ഒറ്റക്കെട്ട്: രാഹുലിന് നന്ദി പറഞ്ഞ് അഭിഷേക് ബാനർജി

ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ ഉണ്ടായ അക്രമത്തെത്തുടർന്ന് ദേശീയ രാഷ്ട്രീയത്തിൽ  പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു. തന്നെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പിന്തുണയറിയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിഷേക് ബാനർജി നന്ദി രേഖപ്പെടുത്തി.

സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച അഭിഷേക് ബാനർജി, രാഷ്ട്രീയ അതിക്രമങ്ങളെ ശക്തമായി അപലപിക്കുകയും ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.  'ഇന്ത്യ' സഖ്യം ശക്തമായി ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും ബി.ജെ.പിക്കെതിരായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ടയാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിൽ വെച്ചാണ് ഡയമണ്ട് ഹാർബറിൽ നിന്നുള്ള എം.പിയായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ സഞ്ജു കർമാകറുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

 ഒരു സംഘം ആളുകൾ അദ്ദേഹത്തിന് നേരെ കല്ലുകളും ചെരുപ്പുകളും കോഴിമുട്ടകളും എറിയുകയായിരുന്നു. ആക്രമണത്തിൽ ധരിച്ചിരുന്ന വസ്ത്രം കീറുകയും കണ്ണട പൊട്ടുകയും ചെയ്തു. തുടർന്ന് തലയിൽ ഹെൽമെറ്റ് ധരിപ്പിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അവിടെനിന്ന് മാറ്റിയത്.  ആക്രമണത്തെ “രാഷ്ട്രീയ അതിക്രമം” എന്നും “സംസ്ഥാന പിന്തുണയുള്ള ഭീകരത” എന്നും വിശേഷിപ്പിച്ച അഭിഷേക് ബാനർജി, ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.

"ഒരു ജനപ്രതിനിധിക്ക് നേരെയുണ്ടാകുന്ന ആക്രമണം വെറുമൊരു വ്യക്തിക്ക് നേരെയുള്ളതല്ല. മറിച്ച് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ക്രൂരമായ മുഖമാണിത്."- രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. അക്രമികൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിഷേക് ബാനർജിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാൻ രാഹുൽ ഗാന്ധി മുൻ മുഖ്യമന്ത്രി മമത ബാനർജിയെ നേരിട്ട് ഫോണിൽ വിളിച്ചു. ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സക്കായി അഭിഷേകിനെ ഹൈദരാബാദിലേക്കോ മറ്റ് എവിടെയെങ്കിലുമോ വിമാനമാർഗ്ഗം മാറ്റാൻ സഹായിക്കാമെന്ന് രാഹുൽ ഉറപ്പുനൽകിയതായി മമത വെളിപ്പെടുത്തി.

Tags:    
News Summary - 'INDIA' united against BJP: Abhishek Banerjee thanks Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.