ന്യൂഡൽഹി: നിലവിലെ നിരക്കിനെക്കാള്‍ കുറവിൽ ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ലഭ്യമാകുന്ന സ്ഥിതിക്ക് ഇറക്കുമതി കരാർ 2048 വരെ നീട്ടാന്‍ ഇന്ത്യ. പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ്, ഖത്തർ എനർജിയുമായി പ്രതിവർഷം 75 ലക്ഷം ടൺ ഇറക്കുമതി വ്യാപിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കും.
പെട്രോനെറ്റ് നിലവിൽ പ്രതിവർഷം 85 ലക്ഷം ടൺ എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്നു. ആദ്യത്തെ 25 വർഷത്തെ കരാർ 2028-ൽ അവസാനിക്കും, ഇപ്പോൾ 20 വർഷത്തേക്ക് കൂടി നീട്ടുകയാണ്.
പുതിയ കരാർപ്രകാരം ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂനിറ്റിന് ഏകദേശം 0.8 ഡോളർ ഇന്ത്യക്ക് ലാഭിക്കാനാകും. പെട്രോളിയം ഉൽപന്നങ്ങളോടുള്ള ആശ്രയത്വം പരമാവധി കുറക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ നീക്കം.
ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ, 2070-ഓടെ കാർബൺ എമിഷൻ ഒഴിവാക്കാനുള്ള പരിവർത്തന ഇന്ധനമായാണ് പ്രകൃതി വാതകത്തെ കാണുന്നത്. ഇതിൻ്റെ ഭാഗമായി രാജ്യത്തെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിൻ്റെ പങ്ക് 2030 ആകുമ്പോഴേക്കും 6.3 ശതമാനത്തിൽ നിന്ന് 15 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഗോവയിൽ തുടങ്ങിയ ഇന്ത്യ ഊർജവാരത്തിന്റെ (ഐ.ഇ.ഡബ്ല്യു) ഭാഗമായി ഖത്തര്‍ എനര്‍ജിയും പെട്രോനെറ്റ് എൽ.എൻ.ജിയും കരാര്‍ ഒപ്പിട്ടേക്കും. ഖത്തറിലെ ഊർജ മന്ത്രിയും ഖത്തർ എനർജിയിലെ ഉന്നത ഉദ്യോഗസ്ഥരും ഐ.ഇ.ഡബ്ല്യുവിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.