ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി. പശ്ചിമേഷ്യൻ സംഘർഷവും ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള അസംസ്കൃത എണ്ണവില കുത്തനെ ഉയർത്തിയിട്ടും ഇന്ത്യയിലാണ് ഏറ്റവും കുറവ് വർധന രേഖപ്പെടുത്തിയതെന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യയുടെ ന്യായീകരണം.
ഇന്ധന വില വർധന സാധാരണക്കാർക്ക് മേൽ അമിതഭാരം ചുമത്തിയെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള നീക്കമാണിതെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് അമിത് മാളവ്യയുടെ പ്രതികരണം. ലോകത്തിലെ പ്രധാന സമ്പദ്‍വ്യവസ്ഥകളിൽ, ഇന്ധനവിലയിൽ ഏറ്റവും കുറവ് വർധന ഇന്ത്യയിലുണ്ടായപ്പോൾ യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ കുത്തനെയുള്ള വർധനയുണ്ടായതായി അമിത് മാളവ്യ പറഞ്ഞു.
2026 ഫെബ്രുവരി 23നും മേയ് 15നും ഇടയിൽ മിക്കവാറും എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും പെട്രോൾ ഡീസൽ വിലകളിൽ കുത്തനെ വർധനയുണ്ടായി. പല രാജ്യങ്ങളിലെയും ഈ വർധന ഇന്ത്യയെ ഞെട്ടിച്ചു. എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും ഏറ്റവും ചെറിയ വർധന ഇന്ത്യ രേഖപ്പെടുത്തിയെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു. കൂടാതെ വിവിധ രാജ്യങ്ങളിലെ ഇന്ധന വില വിവര പട്ടികയും അമിത് മാളവ്യ പങ്കുവെച്ചു.
ആഗോള ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലയിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് മാളവ്യ വാദിച്ചു. എണ്ണക്കമ്പനികൾക്ക് പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടും പൗരൻമാരുടെ മേൽ ഉടനി ഭാരം ചുമത്തുന്നതിന് പകരം മറ്റു മാർഗങ്ങൾ സ്വീകരിച്ചുവെന്നും അമിത് മാളവ്യ പറഞ്ഞു. വെള്ളിയാഴ്ച ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോൾ, ഡീസൽ വില എണ്ണ കമ്പനികൾ വർധിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായിരുന്നു എണ്ണ വില വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.