ഗുവാഹതി: ദക്ഷിണാഫ്രിക്കയുടെ ‘ഫ്രീഡം ബേബി’ ഗുവാഹതിയിൽ ചരിത്രം കുറിക്കുമ്പോൾ അങ്ങ് ദക്ഷിണാഫ്രിക്കയിലെ ദർബനിലെ അവന്റെ ജൻമനാട് മാത്രമല്ല മുതുമുത്തച്ഛന്റെ നാടായ തമിഴ്നാടിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കും അത് അഭിമാന മുഹൂർത്തമാകുന്നു. അതിലെല്ലാമുപരിയാണ് പതിനൊന്നാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട കുട്ടിയെ കഠിനാധ്വാനം ചെയ്ത് വളർത്തി വലുതാക്കി ജീവിതപ്രാരാബ്ധങ്ങളെക്കാളുപരി വംശീയ വിദ്വേഷങ്ങളെ അതിജീവിച്ച് അവനെ അന്തർദേശീയ താരമാക്കി ഇന്ത്യയിൽ സെഞ്ചുറി നേടുന്നതിന്റെ അഭിമാനം സെനുരാൻ മുത്തുസ്വാമിയുടെ അമ്മയായ ലൈലക്കുണ്ടായത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിൽ വീരോചിതമായ ചെറുത്തുനിൽപിലൂടെയാണ് സെനുരാൻ മുത്തുസ്വാമി അഭിമാനകരമായ സെഞ്ച്വറി നേടിയത്. ഗുവാഹതി സ്റ്റേഡിയത്തിൽ ആദ്യമായാണ് ടെസ്റ്റ് മൽസരം നടക്കുന്നത്. ഈ സ്റ്റേഡിയത്തിലെ ആദ്യ സെഞ്ച്വറി അങ്ങനെ മുത്തുസ്വാമിയുടെ പേരിലാണ് കുറിക്കപ്പെടുന്നത്.
1994, ചരിത്ര വർഷത്തിലാണ് സെനുരാൻ ജനിക്കുന്നത്. അതേ വർഷമാണ് കാലങ്ങളായുള്ള അടിമത്തത്തിൽ നിന്ന് ദക്ഷിണാഫ്രിക്ക സ്വതന്ത്രമായത്. അവിടെ വർണവിവേചനം നിയമപരമായി അവസാനിച്ചത് ആ വർഷമാണ്. അതുകൊണ്ടാണ് ആ അമ്മ മകനെ ‘ഫ്രീഡം ബേബി’ എന്നു വിളിച്ചത്.
സെനുരൻ ബാറ്റ് ചെയ്യുന്ന സമയത്ത് അമ്മ ലൈല ഘാനയിൽ നിന്ന് ദർബനിലേക്ക് വിമാനത്തിൽ പറക്കുകയായിരുന്നു. കളി അവർ വിമാനത്തിലിരുന്ന് കണ്ടു. സെനുരാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്ക 201 ന് അഞ്ച് എന്ന അവസ്ഥയിലായിരുന്നു. 206 ബോളിൽ സെനുരാൻ സെഞ്ച്വറി നേടി ടീമിനെ ശക്തമായ അവസ്ഥയിലെത്തിച്ചു.
ദർബനിൽ വിമാനമിറങ്ങി വീട്ടിലേക്ക് തിരക്കിട്ട് പോകുമ്പോൾ അവിടെയെത്തി മകന്റെ സെഞ്ച്വറി ഷോട്ട് കാണണമെന്ന മോഹമായിരുന്നു അമ്മയുടെ മനസ്സിൽ. അതിനുള്ള ഭാഗ്യം അവർക്കുണ്ടാവുകയും ചെയ്തു.
തമിഴ്നാട്ടിലെ വെല്ലൂരിലാണ് സെനുരാന്റെ മുതുമുത്തച്ഛന്റെ നാട്. 1900 ൽ ഇവിടെ നിന്ന് കപ്പൽ കയറി ദക്ഷിണാഫ്രിക്കയിലെത്തിയതാണ് ലൈലയുടെ മുത്തച്ചന്റെ പിതാവ്. ലൈല ജനിക്കുന കാലത്തും അവിടെ വർണവിവേചനം കഠിനമായിരുന്നു. പ്രത്യേക കോളനികളിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
ഇവർക്ക് യൂനിവേഴ്സിറ്റി വിദ്യാഭ്യാസം പോലുംസധ്യമായിരുന്നില്ല. എന്നാൽ സെനുരാൻ ജനിക്കുമ്പോൾ രാജ്യത്ത് ജനാധിപത്യം പുലർന്നു. എന്നാൽ അവന് 11 വയസുള്ള കാലത്ത് പിതാവ് മരണപ്പെട്ടു. പിന്നെ അമ്മയായിരുന്നു വളർത്തിയത്. പിതാവും അദ്ദേഹത്തിന്റെ അച്ഛനും ക്രിക്കറ്റ് കളിക്കുമായിരുന്നു. അങ്ങനെയാണ് കുട്ടിക്കാലം മുതൽ അവൻ ക്രിക്കറ്റിലേക്ക് വന്നത്. 14ാം വയസ്സിൽ പ്രൊഫഷണൽ ക്രിക്കറ്ററാകണമെന്ന് തീരുമാനിക്കുകയായിരുന്നു. 2013ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
ദക്ഷിണാഫ്രിക്കൻ ടീമിലെ ഓൾറൗണ്ടറാണ് സെനുരാൻ. സ്പിൻ ബൗളറുമാണ്. ബൗളിങ്ങിലും തിളങ്ങാനുള്ള അവസരമാണ് ഇന്ത്യയിൽ ഈ യുവ ക്രിക്കറ്ററെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.