കിബിതു (അരുണാചൽപ്രദേശ്): ദോക്ലാം സംഘർഷം ശമിക്കാത്ത പശ്ചാത്തലത്തിൽ ചൈന അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തി. അരുണാചൽ സെക്ടറിൽ തിബത്തൻ മേഖലയിലെ ദിബാങ്, ദൗ-ദെലായ്, ലോഹിത് താഴ്വര എന്നിവിടങ്ങളിലാണ് കൂടുതൽ സൈനികരെ വിന്യസിച്ച് പട്രോളിങ് ശക്തമാക്കിയത്. ഹെലികോപ്ടറിലും ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ദോക്ലാമിൽ നിന്ന് ചൈന പിന്മാറാത്ത സാഹചര്യത്തിലാണ് സൈനിക മേൽക്കൈ നേടാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ. മ്യാന്മറിനും ചൈനക്കും ഇന്ത്യക്കുമിടയിലെ മുക്കവലയായി അറിയപ്പെടുന്ന ദോക്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ-ചൈന ബന്ധത്തിൽ ഏറ്റവും വിള്ളലുണ്ടാക്കിയ അതിർത്തിപ്രദേശമാണ്.
17,000 അടി ഉയരത്തിലാണ് ഏറെ തന്ത്രപ്രധാനമായ ദോക്ലാം സ്ഥിതിചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളുള്ള ഇതിലൂടെ ലോഹിത് എന്ന നദിയും ഒഴുകുന്നു. ചൈനയുടെ ഏതു വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമാണെന്ന് രാജ്യത്തിെൻറ ഏറ്റവും കിഴക്കേ അറ്റത്തുള്ള ഗ്രാമമായ കിബിതുവിൽ സേവനമനുഷ്ഠിക്കുന്ന കരസേന ഉദ്യോഗസ്ഥൻ പറഞ്ഞു. ചെറിയ സംഘങ്ങളായി തിരിഞ്ഞ് 15-30 ദിവസം നീളുന്ന അതിർത്തി പട്രോളിങ് ആണ് സൈന്യം ഇപ്പോൾ സ്വീകരിച്ച നടപടിയെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുമായുള്ള 4000 കി. മീറ്റർ അതിർത്തിയിൽ പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ചൈന റോഡും നിർമിക്കുന്നുണ്ട്. ദോക്ലാമിന് വടക്കു ഭാഗത്തായി സൈനികരെയും അവർ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ 16 മുതലാണ് ദോക്ലാം സംഘർഷം തുടങ്ങിയത്. സർവ സന്നാഹങ്ങളുമായി ചൈന ഇവിടെ റോഡ് നിർമിക്കാൻ എത്തിയത് ഇന്ത്യ തടയുകയായിരുന്നു. പിന്നീട് ആഗസ്റ്റ് 28ന് താൽക്കാലികമായി അതിർത്തി സംഘർഷം അവസാനിച്ചെങ്കിലും ഹെലിപാഡ് അടക്കം നിർമാണപ്രവൃത്തികളുമായി ചൈന മുന്നോട്ട് പോവുകയായിരുന്നു.
പാകിസ്താൻ അതിർത്തിയിൽനിന്ന് മാറി ചൈന അതിർത്തിയിലേക്ക് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായെന്ന് ജനുവരി ആദ്യം കരസേന മേധാവി ബിപിൻ റാവത്ത് പറഞ്ഞത്, ഇന്ത്യ-ചൈന സംഘർഷം മൂർച്ഛിക്കുന്നതിെൻറ സൂചനയായാണ് വിലയിരുത്തപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.