ന്യൂഡൽഹി: ഗസ്സയുടെ കാര്യത്തിൽ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഏറെ കാലമായി തുടരുന്നതാണെന്നും ഇന്ത്യ. ഗസ്സ ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യൻ വിദേശ സെക്രട്ടറി വിക്രം മിസ്രി നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ വിവാദ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചില്ലെന്ന് പ്രതിപക്ഷം വിമർശനമുയർത്തിയിരുന്നു.
അതിനിടെ കൈവിലങ്ങണിയിച്ചും കാൽ ചങ്ങലക്കിട്ടും ഇന്ത്യക്കാരെ യു.എസ് സൈനിക വിമാനത്തിൽ നാടുകടത്തിയത് വൻ പ്രതിഷേധമുയർത്തിയതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കും. രണ്ടാമൂഴം ലഭിച്ച ശേഷം തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്ന് മോദി വിശേഷിപ്പിക്കുന്ന അമേരിക്കൻ പ്രഡിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കാണ് ഈ യാത്ര. ട്രംപിന്റെ രണ്ടാമൂഴത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വിദേശ മന്ത്രിയെ അമേരിക്കയിൽ അയച്ചുവെന്ന ആരോപണം മന്ത്രി തന്നെ നിഷേധിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം. ട്രംപുമായി ഉഭയകക്ഷി സംഭാഷണത്തിന് പുറമെ മുതിർന്ന നേതാക്കൾ, വ്യവസായികൾ, ഇന്ത്യൻ സമൂഹം എന്നിവരെയും മോദി കാണും.
ഈ മാസം 10, 11 തിയതികളിൽ ഫ്രാൻസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി 12, 13 തിയതികളിൽ അവിടെ നിന്ന് അമേരിക്കയിലേക്ക് പോകും.10ന് വൈകീട്ട് ഫ്രഞ്ച് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ അത്താഴ വിരുന്നിൽ മോദി പങ്കെടുക്കും. 11ന് മാക്രോണുമൊത്ത് മാഴ്സെയിലേക്ക് പോകും. അവിടെ പുതിയ കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം ചെയ്യും. നിർമിത ബുദ്ധി ഉച്ചകോടിയിൽ മാക്രോണുമൊത്ത് സഹ ആധ്യക്ഷ്യം വഹിക്കും. അതിന് ശേഷം ഇരുവരും ഇന്ത്യ -ഫ്രാൻസ് സി.ഇ.ഒ ഫോറത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.