ബാങ്ക് അക്കൗണ്ടുകൾക്കെതിരായ ആദായനികുതി വകുപ്പ് നടപടി; അടിയന്തര ഹരജി അനുവദിച്ച് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: നികുതിയുമായി ബന്ധപ്പെട്ട കേസിൽ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ (ഐ.ടി.എ.ടി) അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹരജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനും തുടർന്നുള്ള സ്റ്റേ അപേക്ഷ ഐ.ടി.എ.ടി നിരസിച്ചതിനും പിന്നാലെയാണ് പാർട്ടിയുടെ നീക്കം. കോൺഗ്രസിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ വിവേക് ​​തൻഖ, പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെക്കുറിച്ചും തീരുമാനത്തിന് സ്റ്റേ നൽകാൻ ഐ.ടി.എ.ടി വിസമ്മതിച്ചതിനെക്കുറിച്ചും കോടതിയെ അറിയിച്ചു.

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ ആദായനികുതി വകുപ്പിന്‍റെ നടപടി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്‍റെ ഹരജി വെള്ളിയാഴ്ച ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ തള്ളിയിരുന്നു. ഫെബ്രുവരി 16ന് കോൺഗ്രസിന്‍റെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. എന്നാൽ തുടർ വാദം കേൾക്കുന്നതുവരെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ പിന്നീട് ട്രൈബ്യൂണൽ അനുവാദം നൽകിയിരുന്നു.

2018-19 അസസ്‌മെന്‍റ് വർഷത്തേക്കുള്ള നികുതി ക്ലെയിമുകളുമായി ബന്ധപ്പെട്ട് ഐ.ടി വകുപ്പുമായുള്ള ആദായനികുതി കേസിൽ തുടക്കത്തിൽ 103 കോടിയുടെ ക്ലെയിം ഫയൽ ചെയ്തു. പിന്നീട് അത് 105 കോടി രൂപയായി പുതുക്കി. എന്നാൽ 30 കോടി രൂപ പലിശയായി ഉൾപ്പെടുത്തിയതോടെ ക്ലെയിം 135 കോടിയായി ഉയർന്നു.

Tags:    
News Summary - Income Tax Department action against bank accounts; Delhi High Court allowed the urgent petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.