റെയ്ഡിൽ പിടിച്ചെടുത്ത അനധികൃത പടക്കങ്ങളും ഗുണ്ടുകളും
ലഖ്നോ: ഉത്തർപ്രദേശിലെ മഥുരയിൽ ദീപാവലിക്ക് മുന്നോടിയായി നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പടക്കങ്ങളും ഗുണ്ടുകളും കണ്ടെത്തി. വൃന്ദാവൻ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെയർഹൗസിൽ നിന്നാണ് അനധികൃതമായി നിർമിച്ച പടക്കങ്ങളുടെയും തദേശീയമായി നിർമിച്ച ഗുണ്ടുകളുടെയും വലിയ ശേഖരം കണ്ടെത്തിയത്.
വൃന്ദാവനോട് ചേർന്നുളള ജനസാന്ദ്രതയേറിയ പ്രദേശത്ത് സ്ഥിതിചയ്യുന്ന നിലയിലാണ് വെയർഹൗസ് പ്രവർത്തിച്ചിരുന്നത്. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം ലക്ഷങ്ങൾ വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതാപ് ബസാർ ഭാഗത്ത് നടത്തിയ റെയ്ഡിൽ ഒരാളെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. റെയ്ഡിനിടെ ഒന്നിലധികം ബ്രാൻഡുകളുടെ പടക്കങ്ങളും പ്രാദേശികമായി നിർമ്മിച്ച സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
വൃന്ദാവൻ കോട്വാലി പൊലീസ് സ്റ്റേഷനിൽനിന്നുളള സംഘം സാൻവർ അഗർവാളിന്‍റെ ഗോഡൗണിൽ റെയ്ഡ് നടത്തിയെന്നും അനധികൃതമായി സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങൾ പിടിച്ചെടുത്തെന്നും സീനിയർ പൊലീസ് ഓഫീസർ രാജീവ് കുമാർ സിങ് പറഞ്ഞു. തദ്ദേശിയമായി നിർമിച്ച സ്ഫോടക വസ്തുക്കളും ഇതിൽ ഉൾപ്പെടും.പടക്കങ്ങളുടെ അനധികൃതമായ സംഭരണം തടയുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു റെയ്ഡ് നടന്നത്.
അനധികൃതമായ പടക്കങ്ങൾ സൂക്ഷിക്കുന്നതിനെതിരെ നടപടിയെടുക്കാൻ ഡി.ജി.പി ഉത്തരവിട്ടിരുന്നു.ജനസാന്ദ്രതയുളള പ്രദേശത്താണ് വെയർഹൗസ് സ്ഥിതി ചെയ്തിരുന്നതെന്നും ഏതു നിമിഷം വേണമെങ്കിലും പൊട്ടിത്തെറിയുണ്ടാകാമായിരുന്നെന്നും എല്ലാ വസ്തുക്കളും പിടിച്ചെടുത്ത് വരികയാണെന്നും നിയമ നടപടി സ്വീകരിച്ചുവെന്നും രാജീവ് കുമാർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.