ബോംബെ ഐ.ഐ.ടിയിൽ ‘ഭക്ഷണ വിവേചനം’; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

മുംബൈ: ബോംബെ ഐ.ഐ.ടി ഹോസ്റ്റലിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളോട് വിവേചനം കാണിക്കുന്നതിൽ പ്രതിഷേധം ശക്​തമാകുന്നു. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ മാത്രമേ ഇവിടെ ഇരിക്കാൻ പാടുള്ളൂ എന്നെഴുതിയ പോസ്റ്ററുകൾ കാന്റീനിൽ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. കാന്റീനിൽവെച്ച് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചതിന് മറ്റു വിദ്യാർഥികൾ അപമാനിച്ചതായി ഒരു വിദ്യാർഥി പറഞ്ഞു.

കാമ്പസിൽ ഭക്ഷണത്തിന്റെ പേരിൽ യാതൊരു വേർതിരിവുമില്ലെന്നാണ് മൂന്നു മാസം വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടിയിൽ പറയുന്നത്. അതേസമയം വിദ്യാർഥികളുടെ ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ സീറ്റിങ് അറേഞ്ച്‌മെന്റ് നിലവിലുണ്ടെന്നും മറുപടിയിൽ പറഞ്ഞിരുന്നു.

കാമ്പസിൽ അങ്ങനെയൊരു വേർതിരിവില്ലെന്ന് വ്യക്തമായിരിക്കെ ഒരുവിഭാഗം വിദ്യാർഥികൾ മനപ്പൂർവം വിഭാഗീയത സൃഷ്ടിക്കുകയാണെന്ന് അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ (എ.പി.പി.എസ്.സി) ട്വീറ്റ് ചെയ്തു. കാന്റീനിൽ പതിച്ച പോസ്റ്ററുകൾ എ.പി.പി.എസ്.സി പ്രവർത്തകർ നീക്കം ചെയ്തു.


കഴിഞ്ഞ ആഴ്ചയാണ് ‘സസ്യഭുക്കുകള്‍ മാത്രം ഇവിടെ ഇരിക്കുക’ എന്ന പോസ്റ്റര്‍ 12ാം ഹോസ്റ്റലിന്റെ ക്യാന്റീനിന്റെ ചുമരില്‍ പതിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​. പോസ്റ്റര്‍ പതിപ്പിച്ചതാരാണെന്ന് അറിയില്ലെന്നാണ്​ ഐ.ഐ.ടിയിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്​. വ്യത്യസ്ത ഭക്ഷണം കഴിക്കുന്നവര്‍ക്ക് വ്യത്യസ്തമായ ഇരിപ്പിടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് സീറ്റിങ്​ ക്രമീകരണങ്ങളിൽ മാത്രം പരിമിതപ്പെടുന്ന ഒന്നല്ല. വേർതിരിവ് വർഷങ്ങൾ പഴക്കമുള്ളതും വളരെ ആഴമേറിയതുമാണ്’ -പിഎച്ച്.ഡി വിദ്യാർഥി പറയുന്നു. ‘മാംസവും വെജിറ്റേറിയൻ ഭക്ഷണവും പാകം ചെയ്യുന്നതിന്​ പ്രത്യേകം അടുപ്പുകൾ ഹോസ്റ്റലിലുണ്ട്​. വെജിറ്റേറിയൻമാർക്ക് വൃത്താകൃതിയിലുള്ള പ്ലേറ്റുകളും നോൺ-വെജിറ്റേറിയൻമാർക്ക് ചതുരാകൃതിയിലുള്ള പ്ലേറ്റുകളും ആണ്​ ഉപയോഗിക്കുന്നത്​’-വിദ്യാർഥി കൂട്ടിച്ചേർത്തു.

2017-ൽ ഹോസ്റ്റൽ എട്ടിലെ ഏതാനും വിദ്യാർഥികൾക്ക് സിറ്റിങ്​ അറേഞ്ച്മെന്റ് പാലിക്കാത്തതിന് 400 രൂപ പിഴ ചുമത്തിയതായും വിദ്യാർഥി പറഞ്ഞു. സ്റ്റൗ നിയമം പാലിക്കാത്തതിന്​ കാറ്ററിങ്​ നടത്തുന്നയാളിൽ നിന്ന് 50,000 രൂപ പിഴ ചുമത്തിയതായും വിദ്യാർഥികൾ ആരോപിക്കുന്നു. 

Tags:    
News Summary - IIT Bombay: 'Segregation Much Deeper,' After Caste, Food Choices Divide Mumbai Campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.