ന്യൂഡൽഹി: സീ തമിഴ് ചാനലിലെ ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4ൽ രണ്ടു കുട്ടികൾ അവതരിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുവെന്ന ബി.ജെ.പിയുടെ പരാതിയിൽ കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചു. സീ എന്റർടൈയ്ൻമെന്റ് എൻറർപ്രൈസസിനാണ് നോട്ടീസ് അയച്ചത്. തമിഴ്നാട് ബി.ജെ.പി ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ് സി.ടി.ആർ നിർമൽ കുമാറിന്റെ പരാതിയിലാണ് നടപടി. നേരത്തേ നിർമൽ കുമാർ ചാനൽ അധികൃതർക്ക് കത്തെഴുതിയിരുന്നു.
ജനുവരി 15ന് സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്ത ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4 പരിപാടിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പറയുന്നു. നോട്ടീസിനൊപ്പം ബി.ജെ.പി നേതാവിന്റെ പരാതിയും ഉൾപ്പെടുത്തിയിരുന്നു. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
ജനുവരി 15ന് സംപ്രേഷണം ചെയ്ത പരിപാടിക്കിടെ നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകൾ, ഓഹരി വിറ്റഴിക്കൽ തുടങ്ങിയവ സംബന്ധിച്ച പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. തമിഴ് ഹാസ്യ നടൻ വടിവേലുവിെൻറ 'ഇംസൈ അരസൻ 23ാം പുലികേസി'യെന്ന സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചായിരുന്നു അവതരണം.
കുട്ടികളുടെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റ് അവതരണത്തെ വിധികർത്താക്കളും അവതാരകരും മറ്റും കൈയടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. വിവാദമായതോടെ ചാനലിന്റെ വെബ്സൈറ്റിൽനിന്ന് പ്രസ്തുത ഭാഗം നീക്കം ചെയ്യുമെന്നും പുനഃസംപ്രേഷണം ചെയ്യില്ലെന്നും ചാനൽ മേധാവികൾ ബി.ജെ.പി കേന്ദ്രങ്ങളെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.