രഹസ്യ വിവരങ്ങൾ ഐ.എസ്‌.ഐ ബന്ധമുള്ള വനിതക്ക് ചോർത്തി നൽകി; ഡി.ആർ.ഡി.എൽ ജീവനക്കാരൻ പിടിയിൽ

ഹൈദരാബാദ്: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിലെ (ഡി.ആർ.ഡി.എൽ) രഹസ്യവിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ ബന്ധമുള്ള വനിതക്ക് കൈമാറിയതിന് കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ദുക്ക മല്ലികാർജുന റെഡ്ഡി (അർജുൻ ബിട്ടു, 29) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, രചകൊണ്ട സ്പെഷ്യൽ ഓപ്പറേഷൻസ് ടീമും ബാലാപൂർ പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഡി.ആർ.ഡി.എല്ലിലെ കരാർ ജീവനക്കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്.

ഡി.ആർ.ഡി.എൽ-ആർ.സി.ഐ കോംപ്ലക്‌സിനെക്കുറിച്ചുള്ള അതീവ സുരക്ഷിതവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ യുവതിക്ക് കൈമാറിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ദേശീയ സുരക്ഷക്ക് ഹാനികരമാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇതെന്നും പൊലീസ് പറഞ്ഞു. ഐ.പി.സി 409, 1923 ലെ ഒഫീഷ്യൽ സീക്രട്ട് ആക്ട് സെക്ഷൻ 3 (1) (സി), 5 (3), 5 (1) (എ) എന്നീ വകുപ്പുകളാണ് മല്ലികാർജുന റെഡ്ഡിക്കെതിരെയുള്ളത്.

ഡി.ആർ.ഡി.എല്ലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മല്ലികാർജുന റെഡ്ഡി ഫേസ്ബുക്കിൽ നേരത്തെ ചില പോസ്റ്റുകൾ ഇട്ടിരുന്നു. തുടർന്ന്, 2020 മാർച്ചിൽ നതാഷ റാവു എന്ന് അവകാശപ്പെടുന്ന ഒരു വനിത ഇയാളുമായി ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടു. യു.കെ ഡിഫൻസ് ജേണലിലെ ജീവനക്കാരിയാണെന്നും തന്റെ പിതാവ് ഇന്ത്യൻ എയർഫോഴ്‌സിൽ ജോലി ചെയ്തിരുന്നുവെന്നും അവർ സ്വയം പരിചയപ്പെടുത്തി.

സംഭാഷണത്തിനിടെ, ഡി.ആർ.ഡി.എല്ലിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മല്ലികാർജുന റെഡ്ഡി പങ്കുവെച്ചു. കഴിഞ്ഞ വർഷം ഡിസംബർ വരെ ഇയാൾ യുവതിയുമായി ബന്ധപ്പെട്ടിരുന്നു. സിമ്രാൻ ചോപ്ര, ഒമിഷ അദ്ദി എന്നീ പേരുകളും നടാഷ റാവു ഉപയോഗിച്ചിരുന്നു. രണ്ട് മൊബൈൽ ഫോണുകൾ, ഒരു സിം കാർഡ്, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു.

വിശാഖപട്ടണത്ത് നിന്ന് ബി.ടെക് (മെക്കാനിക്കൽ) പൂർത്തിയാക്കിയ റെഡ്ഡി, 2020ൽ ഹൈദരാബാദിൽ എം.ബി.എ (മാർക്കറ്റിംഗ്) ചെയ്തു. ​െബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ചേർന്ന ഇയാൾ 2020 ജനുവരി വരെ ഡി.ആർ.ഡി.എല്ലിലെ ഒരു പ്രോജക്റ്റിൽ ജോലി ചെയ്തു. പ്രോജക്ടിന് ശേഷം ഡി.ആർ.ഡി.എൽ അധികൃതരെ സമീപിച്ച് ആർ.സി.െഎ ബാലാപൂരിൽ കരാർ ജീവനക്കാരനായി നിയമിതനായി- പൊലീസ് പറഞ്ഞു.

Tags:    
News Summary - Hyderabad Man Held For Giving Pak Spy Agency Confidential Defence Information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.