‘അമേരിക്കയുടെ ബ്ലാക്ക് മെയിൽ എത്രകാലം തുടരും?’ കേന്ദ്ര സർക്കാറിനെതിരെ ജയറാം രമേശ്

ന്യൂഡൽഹി: ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ യു.എസ് താൽക്കാലിക അനുമതി നൽകിയതിനു പിന്നാലെ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ജയറാം രമേശ്. ഇന്ത്യയെ അമേരിക്ക ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് എത്രകാലം തുടരുമെന്നും എക്സ് കുറിപ്പിൽ ചോദിച്ചു.

ഇന്ത്യക്ക് 30 ദിവസത്തെ ഇളവാണ് അമേരിക്കൻ ട്രഷറി വകുപ്പ് നൽകിയത്. കടലിൽ കുടുങ്ങികിടക്കുന്ന റഷ്യൻ കപ്പലുകളിൽനിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവെന്നും രാജ്യാന്തര വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്‍റ് അറിയിച്ചിരുന്നു. ‘ട്രംപിന്റെ പുതിയ കളി, നിങ്ങൾക്ക് പുടിനിൽ നിന്ന് എണ്ണ ലഭിക്കുമെന്നാണ് ഡൽഹി സുഹൃത്തിനോട് പറയുന്നത്, ഈ ബ്ലാക്ക് മെയിൽ എത്ര കാലം തുടരും?’ -ജയറാം രമേശ് എക്സിൽ കുറിച്ചു.

വ്യാപാര കരാർ ചൂണ്ടിക്കാട്ടി അമേരിക്കക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ കേന്ദ്ര സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുടെയും കർഷകരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണ് കരാറെന്നും ട്രംപിന്‍റെ ഭീഷണിക്കു മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്നുമാണ് ആരോപണം. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാം എന്ന വ്യവസ്ഥയിലാണ് ഇന്ത്യക്കുള്ള ഇറക്കുമതി തീരുവയിൽ ഇളവ് വരുത്താൻ യു.എസ് തീരുമാനിച്ചത്.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്ന ചോദ്യത്തോട് കേന്ദ്ര സർക്കാർ പരസ്യമായി പ്രതികരിക്കാൻ ഇതുവരെ തയാറായിട്ടില്ല. എന്നാൽ, ഘട്ടംഘട്ടമായി റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. ഇറാൻ ഹുർമുസ് കടലിടുക്ക് കപ്പൽപാത അടച്ചതോടെ എണ്ണ ലഭ്യതയുടെ കാര്യത്തിൽ രാജ്യം കടുത്ത പ്രതിസന്ധിയാണ് മുന്നിൽ കാണുന്നത്. രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 88 ശതമാനത്തോളം ഇറക്കുമതിയാണ്.

അതിന്‍റെ 50 ശതമാനത്തോളവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഹുർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എണ്ണ വരവ് തടസ്സപ്പെട്ടത് രാജ്യത്ത് വിലക്കയറ്റ ആശങ്ക ഉയർത്തിയിരുന്നു. താൽക്കാലികമായെങ്കിലും റഷ്യൻ എണ്ണ ഏറ്റെടുക്കാൻ അനുമതി ലഭിച്ചത് ഇന്ത്യക്ക് വലിയ ആശ്വാസമാകും.

ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് തീയിടുമെന്ന ഇറാന്‍റെ ഭീഷണിയും നിലവിലുണ്ട്. നിലവിൽ ഇന്ത്യയുടെ പക്കൽ 40-45 ദിവസത്തേക്കുള്ള, 10 കോടി ബാരൽ അസംസ്കൃത എണ്ണയുടെ സ്റ്റോക്ക് മാത്രമേ ബാക്കിയുള്ളു. റഷ്യയിൽനിന്ന് വെട്ടിക്കുറച്ച എണ്ണ ഇറക്കുമതി കൂട്ടാൻ ഇന്ത്യൻ കമ്പനികൾ ശ്രമം തുടങ്ങിയിരുന്നു.

ഏപ്രിൽ മൂന്നു വരെയാണ് ഇന്ത്യക്ക് ഇളവ് അനുവദിച്ചത്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുവെച്ച കപ്പലുകളിൽനിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്.

“പ്രസിഡന്റ് ട്രംപിന്റെ ഊർജ അജണ്ട എണ്ണ, വാതക ഉൽപാദനം എക്കാലത്തെയും ഉയർന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിക്കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാറിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല, കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ -സ്കോട്ട് ബെസ്സന്‍റ് എക്സിൽ കുറിച്ചു.

Tags:    
News Summary - How long will this American blackmail go on? -Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.