മഹാസഖ്യത്തിൽ നിതീഷ് കുമാർ ഉറച്ചുനിൽക്കുമെന്ന് പ്രതീക്ഷ -പ്രശാന്ത് കിഷോർ

പട്ന: ബിഹാറിൽ ആർ.ജെ.ഡിയുമായി ചേർന്ന് രൂപം നൽകിയ മഹാസഖ്യത്തിൽ മുഖ്യമന്ത്രിയും ജെ.ഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാർ ഉറച്ചുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ 10 വർഷമായി ബിഹാറിൽ രാഷ്ട്രീയ അസ്ഥിരതയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പുതിയ അധ്യായം തുടങ്ങുകയാണെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. ബിഹാറിലെ ജനങ്ങളുടെ അഭിലാഷങ്ങൾ അദ്ദേഹത്തിന് നിറവേറ്റാനാകുമെന്ന് കരുതുന്നു. ബിഹാറിലെ രാഷ്ട്രീയ അസ്ഥിരത കണ്ടുകൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ 10 വർഷം. 2013-14ന് ശേഷം ഇത് ആറാംതവണയാണ് സർക്കാർ രൂപീകരണ നീക്കം. രാഷ്ട്രീയ സമവാക്യങ്ങൾ പല കാരണങ്ങളാലും മാറിമറിയുകയാണ്' -പ്രശാന്ത് കിഷോർ പറഞ്ഞു.

ബിഹാറിലെ മാറ്റം ദേശീയതലത്തിൽ പ്രതിഫലിക്കുമോയെന്ന ചോദ്യത്തിന്, ഇത് സംസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങുന്ന രാഷ്ട്രീയമാറ്റമാണെന്നായിരുന്നു മറുപടി. ദേശീയതലത്തിൽ മറ്റൊരു മുന്നണി രൂപപ്പെടുത്തുക ലക്ഷ്യമിട്ടുള്ള മാറ്റമല്ല ബിഹാറിലുണ്ടായിരിക്കുന്നത്.

പുതിയ സർക്കാറിൽ ആർ.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവാണ് തേജസ്വി. പുതിയ സർക്കാറിനെ അദ്ദേഹം എങ്ങനെ മുന്നോട്ടു നയിക്കുമെന്നുള്ളത് ജനങ്ങൾക്ക് കാണാം.

ആർ.ജെ.ഡി-ജെ.ഡി(യു) സഖ്യം മുന്നോട്ടുപോകണമെന്നാണ് ബിഹാർ ജനത ആഗ്രഹിക്കുന്നത്. സർക്കാറിന്‍റെ മുൻഗണനകൾ ജനങ്ങളുടെ താൽപര്യങ്ങൾക്കൊപ്പമായിരിക്കണം. പുതിയ സർക്കാറിന് മുൻ സർക്കാറിനെക്കാൾ നല്ല നിലയിൽ പ്രവർത്തിക്കാനാകണം -പ്രശാന്ത് കിഷോർ പറഞ്ഞു. 

നിതീഷ്-തേജസ്വി കൂട്ടുകെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017ൽ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ സഖ്യം പൊളിയുകയായിരുന്നു. 

Tags:    
News Summary - Hope Nitish Kumar Stands Firm in Alliance With RJD Prashant Kishor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.