ഉത്തർപ്രദേശ്: പ്രയാഗ്‌രാജിലെ തന്റെ വീട് പൊളിച്ചുനീക്കിയത് അനധികൃതമായാണെന്ന് കാണിച്ച് വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദ് അലഹബാദ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു. പ്രയാഗ് രാജ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ജാവേദിന്റെ വീട് പൊളിച്ചുനീക്കിയത്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ശനിയാഴ്ച അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനാണ് അദ്ദേഹമെന്നാണ് പൊലീസ് ആരോപണം.
വീട് പൊളിച്ചുനീക്കുമെന്നറിയിച്ച് പ്രാദേശിക ഭരണകൂടം നേരത്തെ നോട്ടീസ് നൽകിയിരുന്നു. വൻ പൊലീസ് സംഘം വീട് വളയുകയും പ്രദേശത്തെ മുഴുവൻ മുസ്‌ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേരെയാണ് പ്രയാഗ് രാജിൽനിന്ന് ഇതുവരെ അറസ്റ്റ് ചെയ്തത്. അർധരാത്രിയാണ് ജാവേദിനെയും ഭാര്യയെയും മകളെയും അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറിയിപ്പോ വാറന്റോ ഇല്ലാതെയെത്തിയ അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നെന്ന് മകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിയ ദേശീയ വനിത കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
ജാവേദും മകൾ അഫ്രീനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് യു.പി പൊലീസ് ആരോപണം. ജെ.എൻ.യുവിൽ പഠിക്കുന്ന അഫ്രീൻ കുപ്രസിദ്ധയാണെന്ന് പ്രയാഗ് രാജ് എസ്.എസ്.പി പരിഹസിച്ചു. ജെ.എൻ.യു യൂനിയൻ കൗൺസിലറും അലീഗഢ് യൂനിവേഴ്‌സിറ്റി മുൻ യൂനിയൻ പ്രസിഡന്റുമാണ് അഫ്രീൻ ഫാത്തിമ. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ മുന്നൂറിലധികം പേരെയാണ് യു.പിയിൽ മാത്രം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.