വൈബ്രന്‍റ് ഗുജറാത്തില്‍ താരമായത് ഹര്‍ഷവര്‍ധന്‍ സാല

അഹ്മദാബാദ്: വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപക സമ്മേളനത്തില്‍ താരമായി 14കാരന്‍ ഹര്‍ഷവര്‍ധന്‍ സാല. നീലക്കോട്ടിട്ട് കണ്ണടവെച്ചത്തെിയ കൊച്ചുപയ്യനായിരുന്നു കോടികളുടെ നിക്ഷേപമൊഴുകിയ സമ്മേളനത്തിന്‍െറ മുഴുവന്‍ ശ്രദ്ധയും നേടിയത്. ഗുജറാത്ത് സര്‍ക്കാറുമായി അഞ്ചുകോടിയുടെ ധാരണപത്രത്തിലാണ് സാല ഒപ്പുവെച്ചിരിക്കുന്നതെങ്കിലും കൗതുകം അതിലല്ല, ഈ 10ാം ക്ളാസുകാരന്‍െറ ബിസിനസ് പദ്ധതിയാണ് എല്ലാവരെയും ഞെട്ടിച്ചത്. അതാകട്ടെ സ്വയം രൂപകല്‍പന ചെയ്ത ഡ്രോണുകള്‍ (വിദൂര നിയന്ത്രിത പറക്കും റോബോട്ട്) കൊണ്ട് യുദ്ധഭൂമിയിലെ കുഴിബോംബുകള്‍ കണ്ടത്തെി നിര്‍വീര്യമാക്കുക എന്നതും.
 
ഇതിന്‍െറ നിര്‍മാണത്തിന് സംസ്ഥാന ശാസ്ത്ര-സാങ്കേതിക മന്ത്രാലയം അനുമതി നല്‍കി. 10ാം ക്ളാസ് കുട്ടികള്‍ വര്‍ഷാന്ത്യ പരീക്ഷക്ക് പഠിക്കുന്ന സമയത്താണ് സാല താന്‍ ഉണ്ടാക്കിയ മൂന്ന് ഡ്രോണുകളും അതുമായി ബന്ധപ്പെട്ട ബിസിനസ് പദ്ധതിയുമായി സമ്മേളനത്തിനത്തെിയത്. ടി.വിയില്‍ ഡ്രോണ്‍ കണ്ടാണ് ഇതില്‍ താല്‍പര്യമുണ്ടായതെന്നും യുദ്ധഭൂമിയില്‍നിന്ന് നേരിട്ട് കുഴിബോംബുകള്‍ നിര്‍വീര്യമാക്കുമ്പോള്‍ സൈനികര്‍ക്ക് വന്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഈ കണ്ടത്തെലിലേക്ക് നയിച്ചതെന്നും സാല തന്‍െറ പദ്ധതി അവതരണത്തിനിടെ പറഞ്ഞു.

അഞ്ചുലക്ഷം രൂപയില്‍ താഴെ ചെലവിലാണ് മൂന്ന് ഡ്രോണുകളും നിര്‍മിച്ചത്. രണ്ട് ലക്ഷം രൂപ മാതാപിതാക്കള്‍ നല്‍കി. ബാക്കി മൂന്നുലക്ഷം സര്‍ക്കാര്‍ ധനസഹായമായിരുന്നു. ഇന്‍ഫ്രാറെഡ്, ആര്‍.ജി.ബി സെന്‍സര്‍, തെര്‍മല്‍ മീറ്റര്‍, 21 മെഗാ പിക്സല്‍ കാമറ, ഷട്ടര്‍ എന്നിവയാണ് സാലയുടെ ഡ്രോണിന്‍െറ പ്രധാന ഭാഗങ്ങള്‍. ഭൂനിരപ്പില്‍നിന്ന് രണ്ടടി ഉയരത്തില്‍ പറന്ന് എട്ട് ചതുരശ്ര മീറ്റര്‍ വ്യാപ്തിയില്‍ തരംഗങ്ങള്‍ അയക്കുന്ന ഡ്രോണ്‍, കുഴിബോംബുകള്‍ കണ്ടത്തെിയാല്‍ അതിന്‍െറ സ്ഥാനം ഡ്രോണ്‍ നിയന്ത്രിക്കുന്ന സ്റ്റേഷനിലേക്ക് തിരിച്ച് സിഗ്നല്‍ വഴി അറിയിക്കും. സാലയുടെ ഡ്രോണിന് 50 ഗ്രാം ഭാരമുള്ള ബോംബ് വഹിച്ച് പറക്കാനുള്ള ശേഷിയുമുണ്ട്. വേണ്ടിവന്നാല്‍ ഈ ബോംബിട്ടും കുഴിബോംബ് തകര്‍ക്കാമെന്ന് സാല വിവരിച്ചപ്പോള്‍ സമ്മേളനത്തില്‍ വന്‍ കരഘോഷമായിരുന്നു.

എയറോബോട്ടിക്സ് എന്ന പേരില്‍ സ്വന്തം കമ്പനി രൂപവത്കരിച്ച ‘പയ്യന്‍’ ഡ്രോണിന് പകര്‍പ്പവകാശം കിട്ടാനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. അത് കിട്ടിയാല്‍ ‘കുഞ്ഞന്‍ ബുദ്ധി’യില്‍ കൂടുതല്‍ പദ്ധതികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വെളിപ്പെടുത്തി. ബാപ്പുനഗറിലെ സര്‍വോദയ് വിദ്യാമന്ദിര്‍ സ്കൂള്‍ വിദ്യാര്‍ഥിയായ സാലയുടെ പിതാവ് പ്രധ്യുമാന്‍സിന്‍ഹ് സാല നരോദയിലെ പ്ളാസ്റ്റിക് കമ്പനിയിലെ അക്കൗണ്ടന്‍റും മാതാവ് നിഷബ വീട്ടമ്മയുമാണ്. എല്‍.ഡി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടന്ന ഒരു പ്രോജക്ട് എക്സിബിഷനില്‍ ഒന്നാം സ്ഥാനം നേടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിക്കാനും സാലക്ക് അവസരം ലഭിച്ചിട്ടുണ്ട്. തന്‍െറ കമ്പനി ഗൂഗിളിനേക്കാളും ആപ്പിളിനേക്കാളും വലുതാകുമെന്ന ശുഭാപ്തിയും സാല വേദിയില്‍ പ്രകടിപ്പിച്ചു.

Tags:    
News Summary - harsha vardhan sala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.