ന്യൂഡല്‍ഹി: ചരക്കുസേവന നികുതി സമ്പ്രദായം നടപ്പാക്കുമ്പോള്‍ ഒന്നരക്കോടിയില്‍ താഴെ വാര്‍ഷിക വരുമാനമുണ്ടാക്കുന്നവരുടെ നികുതി നിര്‍ണയാവകാശം മിക്കവാറും സംസ്ഥാനങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ കേന്ദ്രം വഴങ്ങി. സമുദ്രതീരത്ത് 12 നോട്ടിക്കല്‍ മൈലിനുള്ളിലെ വ്യാപാരത്തിന്‍െറ നികുതി പിരിവ് അവകാശവും സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഇതോടെ കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ച രണ്ടു പ്രശ്നവിഷയങ്ങളില്‍ ഏകദേശം തീര്‍പ്പായി. ഏപ്രിലില്‍ സാധ്യമല്ളെന്ന് ഉറപ്പായ ജി.എസ്.ടി ജൂലൈ ഒന്നുമുതല്‍ നടപ്പാക്കാനാണ് സര്‍ക്കാറിന്‍െറ ഇനിയുള്ള ശ്രമം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സംസ്ഥാന ധനമന്ത്രിമാരും ഉള്‍പ്പെട്ട യോഗത്തില്‍ സംസ്ഥാനങ്ങള്‍ ഉറച്ച നിലപാട് ആവര്‍ത്തിച്ചതോടെയാണ് കേന്ദ്രം വിട്ടുവീഴ്ചക്ക് നിര്‍ബന്ധിതമായത്. പുതിയ സാഹചര്യത്തില്‍ അനുബന്ധ നിയമങ്ങള്‍ അംഗീകരിച്ച് ജി.എസ്.ടി സമ്പ്രദായം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാന്‍ കഴിയുമെന്ന് യോഗത്തിനു ശേഷം അരുണ്‍ ജെയ്റ്റ്ലി പ്രത്യാശ പ്രകടിപ്പിച്ചു.
ഒന്നരക്കോടിയില്‍ താഴെ വരുമാനമുള്ളവരുടെ സേ ന നികുതി ഈടാക്കാനുള്ള അവകാശം പൂര്‍ണമായും വിട്ടുകിട്ടണമെന്ന ആവശ്യമാണ് സംസ്ഥാനങ്ങള്‍ ഉന്നയിച്ചുവന്നത്.
ഈ വിഭാഗത്തില്‍ വരുന്നവരുടെ നികുതി കണക്കാക്കാനുള്ള 90 ശതമാനം അവകാശവും സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കാമെന്ന് തിങ്കളാഴ്ചത്തെ യോഗത്തില്‍ കേന്ദ്രം അറിയിച്ചു. ബാക്കി 10 ശതമാനം അവകാശം കേന്ദ്രത്തിന്. നിലവില്‍ പൂര്‍ണമായും സേവന നികുതി പിരിക്കുന്നത് കേന്ദ്രമാണ്. ഒന്നരക്കോടിക്കു മുകളില്‍ വരുമാനമുള്ളവരുടെ കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യാവകാശം. കടലോരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വരെയുള്ള ഭാഗത്തെ വ്യാപാര പ്രവര്‍ത്തനങ്ങളില്‍നിന്ന് നികുതി പിരിക്കാനുള്ള അവകാശം ജി.എസ്.ടി വരുമ്പോള്‍ കേന്ദ്രത്തിനു വേണമെന്ന നിലപാടിനെതിരായ സംസ്ഥാനങ്ങളുടെ സമ്മര്‍ദവും ഫലം കണ്ടു.
ഈ ഭാഗം കേന്ദ്രഭരണ പ്രദേശമെന്ന വാദമാണ് ധനമന്ത്രാലയം ഉന്നയിച്ചു വന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം 250 കോടി രൂപയുടെ വാര്‍ഷിക വരുമാനം ഈ ഭാഗത്തെ നികുതി പിരിവിലൂടെ കിട്ടുന്നുണ്ട്.
കരടു നിയമങ്ങള്‍ അംഗീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഫെബ്രുവരി 18ന് വീണ്ടും യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.