ഗ്രൂപ്പിസം കോൺഗ്രസിന്റെ പുനരുജ്ജീവനത്തെ സഹായിക്കില്ല; ഒറ്റക്കെട്ടായ പരിശ്രമം വേണം - ആനന്ദ് ശർമ

ഷിംല: കോൺഗ്രസ് പാർട്ടിക്ക് പുനരുജ്ജീവനം വേണ​മെന്നും കൂട്ടായ പ്രയത്നത്തിലൂടെ അത് സാധ്യമാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ. ബുധനാഴ്ച ഷിംല സന്ദർശിച്ച അദ്ദേഹം ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന ഓഫീസിൽ പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ വീർഭദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചതിന് ശേഷം സ്വന്തം സംസ്ഥാനത്ത് അദ്ദേഹം പ​ങ്കെടുക്കുന്ന ആദ്യ യോഗമാണിത്.

പാർട്ടിക്കുള്ളിൽ ചില മാറ്റങ്ങൾ നടപ്പാക്കിയാൽ കോൺഗ്രസ് ഉണർന്ന് പ്രവർത്തിക്കുമെന്ന് താൻ കരുതുന്നുവെന്ന് ആനന്ദ് ശർമ എ.എൻ.ഐയോട് പറഞ്ഞു. പാർട്ടിയുടെ ഇടക്കാല അധ്യക്ഷന് കത്ത് അയച്ച വിഷയത്തിൽ, തന്റെ ശബ്ദം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എ ഗ്രൂപ്പിനോ ബി ഗ്രൂപ്പിനോ കോൺഗ്രസിനെ ഉണർത്താനാകില്ല. എല്ലാവരും ആദ്യം കോൺഗ്രസുകാരാണ്. കോൺഗ്രസിന് ഒറ്റക്കെട്ടായി മാത്രമേ പുനരുജ്ജീവനം സാധ്യമാകൂ. പാർട്ടിയെ പുനർനിർമിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. പ്രധാന സംസ്ഥാനത്ത് ഒരു വലിയ രാഷ്ട്രീയ ഇടം ഞങ്ങൾ അക്ഷരാർഥത്തിൽ ഒഴിച്ചിട്ടിരിക്കുകയാണെന്നത് ആശങ്കയുളവാക്കുന്നതാണ്. രാഷ്ട്രീയ എതിരാളികളാൽ ഞങ്ങൾ അടിച്ചമർത്തപ്പെട്ടു, ആ പ്രദേശങ്ങളിലെ പുനരുജ്ജീവനത്തിനും വീണ്ടെടുക്കലിനും കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.

പാർട്ടിയിലെ ആഭ്യന്തര മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കുമായി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ ഞങ്ങൾ തുടരും. എന്നെ ആവശ്യമുള്ളിടത്ത് ഞാൻ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. കോൺഗ്രസ് ഗ്രൂപ്പിസത്തിൽ നിന്ന് പുറത്തു വന്ന് ഒറ്റക്കെട്ടായി നിൽക്കണം. നമ്മെ​െളല്ലാം കോൺഗ്രസുകാരാണ്. കോൺഗ്രസ് പാർട്ടി ശക്തമാക്കുക എന്നതാണ് പ്രധാനം - ആനന്ദ് ശർമ വ്യക്തമാക്കി.

ഹിമാചലിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർത്തി പാർട്ടി വോട്ടെടുപ്പിന് പോകണോ എന്ന ചോദ്യത്തിന്, ആദ്യം കൂട്ടായ പരിശ്രമത്തിലൂടെ വിജയിക്കണമെന്ന് ആനന്ദ് ശർമ്മ പറഞ്ഞു. അതിന് ഗ്രൂപ്പുകളും ഭിന്നതകളും മാറിനിൽക്കേണ്ടിവരും. ആദ്യം പാർട്ടി വിജയിക്കണം. അതിനായി എല്ലാവരും കൂട്ടായി പോരാടണം.

2024 ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളും നരേന്ദ്ര മോദിയും തമ്മിലായിരിക്കും മത്സരമെന്ന മനീഷ് സിസോദിയയുടെ വാക്കുകൾ സംബന്ധിച്ച് എല്ലാവർക്കും സ്വപ്നം കാണാനും ആഗ്രഹങ്ങൾ ഉണ്ടാകാനും അവകാശമുണ്ടെന്ന് ശർമ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ, രാജ്യം മുഴുവനും നേരിടുന്ന പ്രശ്‌നങ്ങൾ ഏതാണ്ട് ഒരേപോലെയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥയുമാണ് അത്. കോൺഗ്രസിൽ മാത്രമല്ല ബി.ജെ.പിയിലും ചേരിപ്പോരുണ്ടെന്ന് അറിഞ്ഞതായും ശർമ പറഞ്ഞു.

എല്ലാവരേയും ഉൾക്കൊള്ളുന്ന കൂട്ടായ ചിന്തയും നേതാവും കോൺഗ്രസിന് ആവശ്യമാണെന്ന് പറഞ്ഞ ശർമ എ.ഐ.സി.സി അധ്യക്ഷയായി പ്രിയങ്കയെയോ രാഹുൽ ഗാന്ധിയെയോ തിരഞ്ഞെടുത്താൽ അംഗീകരിക്കുമോ എന്ന ചോദ്യത്തിന്, 2018 ൽ ഞങ്ങൾ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു, പക്ഷേ രാജിവച്ചത് അദ്ദേഹമാണ്, ഞങ്ങൾ അദ്ദേഹത്തോട് രാജി വെക്കാൻ ആവശ്യപ്പെട്ടില്ല. നെഹ്‌റു-ഗാന്ധി കുടുംബം അവിഭാജ്യമായി നിലകൊള്ളുക എന്നത് പ്രധാനമാണെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Groupism will not help Congress revival; A united effort is needed - Anand Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.